കുന്നംകുളം: പെരുമ്പിലാവ്-കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂർ പാടത്തിന് സമീപം വാഹനം നിയന്ത്രണം വിട്ട് നൂറടിത്തോട്ടിലേക്ക് മറിഞ്ഞ കാർ പുറത്തെടുത്തു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കുറ്റിപ്പുറം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ചശേഷം തോട്ടിലേക്ക് മറിഞ്ഞത്.
അപകടസമയത്ത് വാഹനമോടിച്ചിരുന്ന മലപ്പുറം വളാഞ്ചേരി കുളത്തൂർ അമ്പലപ്പടി പനീരി വീട്ടിൽ ജാബിർ (40) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ചാടിയതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
വിവരമറിഞ്ഞ് കുന്നംകുളം ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, തോട്ടിൽ ശക്തമായ വെള്ളിയൊഴുക്ക് ഉള്ളതിനാൽ ഒഴുക്കിൽപ്പെട്ട വാഹനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ശക്തമായ ഒഴുക്കിനെ തുടർന്ന് രണ്ടാം ദിവസമാണ് കാർ പുറത്തെടുക്കാനായത്.
