അരിമ്പൂർ: മനക്കൊടി – പുള്ള് റോഡിൻ്റെ പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർദ്ദേശപ്രകാരം പിഡബ്ളിയുഡിയുടെ മണ്ണ് പരിശോധന ആരംഭിച്ചു. ചെറിയ മഴപെയ്താൽ പോലും ഇറിഗേഷൻ കനാലിൽ നിന്നും വെള്ളം പിഡബ്ല്യുഡി റോഡ് കവിഞ്ഞ് വാരിയം കോൾ പാടശേഖരത്തിലെത്തി കൃഷി നശിക്കുന്നത് പതിവാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി അരിമ്പൂർ പഞ്ചായത്തും കേരള കർഷക സംഘവും വാരിയം കോൾപടവ് കമ്മിറ്റിയും സംയുക്തമായി മുരളി പെരുനെല്ലി എം എൽ എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെയും കണ്ട് വിശദമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് മന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലിനെ തുടർന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം നടക്കുകയും റിപ്പോർട്ടും സമർപ്പിക്കുകയും ചെയ്തിരുന്നു. കെ എച്ച് ആർ ഐ യുടെ നിർദ്ദേശപ്രകാരമുള്ള മണ്ണ് പരിശോധനയാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മണ്ണ് പരിശോധന പൂർത്തിയാക്കി ലഭിക്കുന്ന സാമ്പിളുകൾ കെ എച്ച് ആർ ഐ ക്ക് കൈമാറുകയും മറ്റ് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.മണ്ണ് പരിശോധന വിഭാഗം അസി.എഞ്ചിനീയർ ഇ ആർ നിഷ മോൾ, ഫസ്റ്റ് ഗ്രേഡ് ഓവർസീയർ അജീഷ്കുമാർ, സെക്കൻ്റ് ഗ്രേഡ് ഓവർസീയർ യു വി ശശികല. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.
ഞായറാഴ്ച പെയ്ത കനത്ത മഴയിൽ ഇറിഗേഷൻ കനാലിൽ നിന്നും മഴവെള്ളം മനക്കൊടി – പുള്ള് റോഡ് കവിഞ്ഞൊഴുകി വാരിയം കോൾ പടവിലേക്ക് ഒഴുകിയിരുന്നു.കർഷകർ അണിനിരന്ന് ചാക്കുകളിൽ മണ്ണ് നിറച്ച് അട്ടിയിട്ടാണ് വെള്ളമൊഴുക്ക് താൽകാലികമായി തടഞ്ഞതിനാലാണ് വിത കഴിഞ്ഞ കോൾ പാടശേഖരങ്ങളിലെ കൃഷിനാശം ഒഴിവാക്കാനായതെന്ന് വാർഡംഗവും അരിമ്പൂർ പഞ്ചായത്ത് കാർഷിക വികസന സമിതി ചെയർമാനുമായ കെ രാഗേഷ്, വാരിയം കോൾ പടവ് ഭാരവാഹികളായ കെ കെ അശോകൻ, പുഷ്ക്കരൻ കുറുവത്ത്, ടി വി വിദ്യാധരൻ. എന്നിവർ പറഞ്ഞു.
