ചാഴൂർ: കൊട്ടുടി വളവിൽ വീണ്ടും അപകടം. അമിതവേഗതയിൽ വന്ന കാർ മതിലിലിടിച്ചു, ആർക്കും പരിക്കില്ല.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന കാർ കൊട്ടുടി വളവിലെ മതിലിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൻ്റെ മുൻഭാഗവും മതിലും തകർന്നു. പുത്തൂർ വീട്ടിൽ വർക്കിയുടെ മതിലാണ് തകർന്നത്. രാത്രി അപകടത്തിൻ്റെ ശബ്ദം കേട്ട വീട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊട്ടുടി വളവിൽ അപകടം പതിവായിട്ടും ചാഴൂർ പഞ്ചായത്ത് അധികൃതരും അന്തിക്കാട് പോലീസും അപകട സാഹചര്യമൊഴിവാക്കാൻ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൊട്ടുടി വളവിന് പടിഞ്ഞാറ് ഭാഗത്തായി ഹമ്പ് സ്ഥാപിക്കുകയും കൊട്ടുടി വളവിൽ കണ്ണാടി സ്ഥാപിക്കുകയും ചെയ്താൽ ഒരു പരിധി വരെ അപകടമൊഴിവാക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
