പുത്തൻ പീടിക: ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ പുത്തൻപീടിക കാരുണ്യയുടെ ഈ വർഷത്തെ രോഗീ -ബന്ധു സംഗമം നടന്നു. നാലുചമരുകൾക്കുള്ളിൽ അപകടം, കാൻസർ തുടങ്ങിയ വിവിധ രോഗങ്ങൾ ബാധിച്ച് പരസഹായമില്ലാതെ നടക്കാൻ പോലും പറ്റാത്തവർക്കായാണ് പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ സംഗമം ഒരുക്കിയത്. പലരും ആംബുലൻസിലാണ് ആഘോഷത്തിനെത്തിയത്. ഇതിനായി കാരുണ്യയുടെ വളണ്ടിയർമാരും മറ്റു സന്നദ്ധ പ്രവർത്തകരും യത്നിച്ചു. സൗജന്യമായി സർവ്വീസ് നടത്തിയ രണ്ട് ആംബുലൻസുകളും കാരുണ്യയുടെ സ്വന്തം ആംബുലൻസുമാണ് രോഗികളെ സംഗമം നടക്കുന്ന വേദിയിലെത്തിക്കാൻ ഓടിയത്. 10 കട്ടിലുകളും കിടക്കയും രോഗികൾക്കായി സജ്ജമാക്കിയിരുന്നു. വീല്‍ചെയറുകളിൽ ഇരുന്നും ഇവർ പരിപാടികൾ ആസ്വദിച്ചു. ഓക്സിജൻ സംവിധാനങ്ങളും ഡോക്ടറും ഉൾപ്പെടെയുള്ള മെഡിക്കൽ സംവിധാനങ്ങളും ഇവിടെയുണ്ടായിരുന്നു.
കാരുണ്യയുടെ 30 ലേറെ വളണ്ടിയർമാരും ശ്രീനാരായണ കോളജിൽ നിന്നുള്ള എൻഎസ്എസ് വളണ്ടിയർമാരും രോഗികൾക്ക് വേണ്ട പരിചരണം ഒരുക്കി
രോഗികൾ തന്നെ വിളക്കു കൊളുത്തിയാണ് പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചത്. അന്തിക്കാട്, താന്യം, ചാഴൂര്‍, മണലൂര്‍ അരിമ്പൂർ പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളാണ് സംഗമത്തിൽ പങ്കെടുത്തത്. മോഹിനിയാട്ടം തിരുവാതിരക്കളി, മാജിക് ഷോ എന്നിവയും ഉണ്ടായിരുന്നു. സംഗമത്തിൽ പങ്കെടുത്ത രോഗികൾക്ക് കൈ നിറയെ സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. സിസി മുകുന്ദൻ എംഎൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കാരുണ്യ വെല്‍ഫെയര്‍ & ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീമുരുകൻ അന്തിക്കാട്, പ്രസിഡണ്ട് പാപ്പച്ചൻ ആന്റണി, കൺവീനർ രാജീവൻ കുന്നത്ത്, ജോ. സെക്രട്ടറി രവികുമാർ, റോഷി, ഷിനില്‍ കുമാർ, സിസ്റ്റര്‍ ആതിര, സിസ്റ്റര്‍ വര്‍ഷ എന്നിര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.
previous post
