തൃശൂർ : 2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്ന ബാധിത ബൂത്തുകളിൽ പോളിംഗ് ദിവസം വോട്ടെടുപ്പിന് തടസ്സമില്ലാത്ത രീതിയിൽ പൂർണമായും വീഡിയോഗ്രഫി സംവിധാനം സജ്ജീകരിക്കുന്നതിനും, അതിന്റെ പകർപ്പ് ലഭ്യമാക്കുന്നതിനും താല്പര്യമുള്ള വീഡിയോ/ഫോട്ടോഗ്രാഫർമാരിൽ നിന്ന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.
ചിത്രീകരണത്തിൽ തിയതി, സമയം എന്നിവ വ്യക്തമാക്കണം. വോട്ടെടുപ്പ് ദിനത്തിൽ ചിത്രീകരിച്ച സിഡി/ഡി.വി.ഡി അന്നേ ദിവസം വൈകുന്നേരമോ അടുത്ത ദിവസം രാവിലെയോ ജില്ല തിരഞ്ഞെടുപ്പ് ഓഫീസിൽ സമർപ്പിക്കണം. ചിത്രീകരിച്ച ദൃശ്യങ്ങൾ ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനല്ലാതെ മറ്റൊരു വ്യക്തിക്ക് കൈമാറാൻ പാടില്ല.
ക്വട്ടേഷനിൽ നിയമപ്രകാരമുള്ള നികുതികൾ വ്യക്തമാക്കണം. മുൻകൂർ തുക അനുവദനീയമല്ല. ഒരു ദിവസത്തെ ചിത്രീകരണച്ചെലവ് (ക്യാമറ വാടക, ടി.എ/ഡി.എ, സിഡി/ഡി.വി.ഡി ചെലവ്) ക്വട്ടേഷനിൽ ഉൾപ്പെടുത്തണം. ആവശ്യാനുസരണം അധിക പകർപ്പുകളുടെ നിരക്കും ക്വട്ടേഷനിൽ രേഖപ്പെടുത്തണം. ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തിയോ സ്ഥാപനമോ ജില്ലാ കളക്ടർ മുമ്പാകെ കരാർ ഒപ്പിടണം.
ക്വട്ടേഷനോടൊപ്പം 5,000 രൂപ ഇ.എം.ഡി ജില്ലാ കളക്ടറുടെ പേരിലുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് രൂപത്തിൽ സമർപ്പിക്കണം. കവറിന് പുറത്ത് “2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് – പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് വീഡിയോ ചിത്രീകരണത്തിനുള്ള ക്വട്ടേഷൻ” എന്ന് വ്യക്തമാക്കിയിരിക്കണം.
മുദ്രവച്ച കവറിൽ തയ്യാറാക്കിയ ക്വട്ടേഷനുകൾ നവംബർ 26 വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആൻഡ് ജില്ലാ കളക്ടർ, തൃശൂർ എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. സമർപ്പിച്ച ക്വട്ടേഷനുകൾ നവംബർ 26 വൈകിട്ട് നാല് മണിക്ക് തുറന്ന് പരിശോധിക്കും. ക്വട്ടേഷൻ നടപടിക്രമങ്ങളിൽ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
