അന്തിക്കാട്: പടിയത്ത് നിർമ്മിച്ച ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവർക്ക് അൽപ്പം പോലും ബോറഡിക്കേണ്ടി വരില്ല. ജനകീയ കൂട്ടായ്മയിൽ പടിയം ആശാരിമൂലയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം വിവിധ സേവനങ്ങൾ ഒരുക്കിയാണ് നാട്ടുകാർക്ക് ഓണ സമ്മാനമായി സമർപ്പിച്ചത്. ലൈറ്റ്, ഫാൻ, എഫ് എം റേഡിയോ, വായന പുസ്തകം, കുടിവെള്ളം തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവർക്ക് ലഭിക്കുക.
പടിയം സാംസ്കാരിക വേദിയിലെ അംഗങ്ങൾ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ആശാരി മൂലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർ നിർമ്മിച്ചത്. നാട്ടിലുള്ള ആളുകൾക്ക് ഗുണം ലഭിക്കുന്ന രീതിയിൽ വേണം കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കേണ്ടതെന്ന് സംഘാടകർക്ക് നിർബന്ധമുണ്ടായിരുന്നു. അപ്രകാരമാണ് തികച്ചും ആധുനിക രീതിയിലുള്ള ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം ആശാരി മൂല നിവാസികൾക്ക് സ്വന്തമായത്.
വളരെ മനോഹരമായ രീതിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ലൈറ്റും ഫാനിനും പുറമെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള പോയിന്റുകളും ഉണ്ട്. സംഗീത ആസ്വാദകർക്കായി എഫ്.എം. റേഡിയോയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇവിടെയെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായി നാല് സിസിടിവി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രത്തിലേക്ക് വേണ്ടിവരുന്ന വൈദ്യുതിക്കായി ഇവിടെത്തന്നെ സോളാർ പാനലും സ്ഥാപിച്ചിട്ടുണ്ട്.
മനോഹരമായ പൂന്തോട്ടവും കേന്ദ്രത്തിന് സമീപം ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ മെയിൻറനൻസ് വർക്കിനായുള്ള പണം കണ്ടെത്താനായി ഇവിടെ ഒരു എൽഇഡി പരസ്യ ബോർഡും ഒരുക്കിയിട്ടുണ്ട്. ഇതിൽ പരസ്യം ചെയ്യുന്ന ആളുകൾ നൽകുന്ന പണം കേന്ദ്രത്തിന്റെ നടത്തിപ്പു കാര്യങ്ങൾക്കായി ഉപയോഗിക്കും.
ഒരു ലക്ഷത്തി എഴുപതിനായിരം രൂപയ്ക്കാണ് ബസ് കാത്തിരുപ്പ് കേന്ദ്രം പണിതീർത്തത്. നിർമ്മാണ വസ്തുക്കൾക്ക് മാത്രമാണ് ആകെ പണം ചിലവായത്. തൊഴിലാളികൾ ആരും കൂലി വാങ്ങാതെയാണ് കാത്തിരിപ്പുകേന്ദ്രം നിർമ്മാണത്തിന് സഹകരിച്ചത്.
ഈ റൂട്ടിൽ ആകെ രണ്ട് ബസ്സുകളാണ് സർവീസ് നടത്തുന്നത്. ബസ്സുകൾ ഇല്ലാത്ത സമയത്ത് കാത്തിരിപ്പ് കേന്ദ്രം ഒരു മിനി വായനശാലയാക്കാൻ ആണ് നാട്ടുകാരുടെ പദ്ധതി. പത്രങ്ങളും വായനാശീലം വളർത്താൻ ഉതകും വിധത്തിൽ പുസ്തകങ്ങളും കേന്ദ്രത്തിൽ ഉണ്ടാവും.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ മേനക മധു നിർവഹിച്ചു. കൺവീനർ സുധനൻ എരണേഴത്ത്, രാജീവ് സുകുമാരൻ, വിശ്വനാഥൻ പള്ളിപ്പറമ്പിൽ, ശങ്കരനാരായണൻ പള്ളിപ്പറമ്പിൽ. തുടങ്ങിയവർ സംസാരിച്ചു.
