News One Thrissur
Updates

ഇരട്ട നേട്ടത്തിൽ അരിമ്പൂർ പഞ്ചായത്ത്  : മധുരം പങ്കിട്ട് ആഘോഷം

അരിമ്പൂർ: ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡും, മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡും കരസ്ഥമാക്കിയതിന്റെ സന്തോഷം അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്‌മി അങ്കണവാടിയിൽ മധുരം പങ്കിട്ട് പ്രവർത്തകർ ആഘോഷിച്ചു. അങ്കണവാടി പ്രവർത്തകരും കുട്ടികളും വയോജനക്ലബ്ബുകളിലെ അംഗങ്ങളും സന്തോഷം പങ്കു വച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാറിന്റെ നേതൃത്വത്തിലാണ് അങ്കണവാടി പ്രവർത്തകരെയും അങ്കണവാടി വർക്കരെയും മധുരം നൽകി ആദരിച്ചത്. അരിമ്പൂർ കൈപ്പിള്ളിയിലെ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടി തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം ഏറ്റുവാങ്ങിയത് ദിവസങ്ങൾക്കു മുൻപാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ അങ്കണവാടിക്ക് സംസ്ഥാന തലത്തിൽ ബഹുമതി നേടാനായത്. അരിമ്പൂർ പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ അങ്കണവാടി 2018 ലാണ് സ്വന്തം സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുന്നത്. അങ്കണവാടി വർക്കറായ സലിജ സന്തോഷും സഹായി സിനിയുമാണ് കുട്ടികൾക്കായുള്ള പരിചരണം ഒരുക്കുന്നത്.

30 സ്ത്രീകൾ അടക്കം 45 പേരുടെ വയോജന കൂട്ടായ്മയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ക്രിസ്മസ്, ഓണം, റംസാൻ തുടങ്ങിയ ഏത് ആഘോഷങ്ങൾക്കും അങ്കണവാടിയിലെ കുരുന്നുകളും രക്ഷിതാക്കളും വയോജന സംഘങ്ങളിലെ പ്രവർത്തകരും, പ്രദേശവാസികളും ഒത്തുകൂടുന്നത് പതിവാണ്. പ്രവർത്തന മികവിന് ഈ അങ്കണവാടിക്ക് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്കണവാടി ലെവൽ മോണിറ്ററിംഗ് സപ്പോർട്ടിംഗ് കമ്മിറ്റിയാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കെ.ആർ. സുകുമാരൻ, ലില്ലി റാഫേൽ, സുകുമാരൻ കല്ലുവാതുക്കൽ, കെ.ആർ. ബാലചന്ദ്രൻ തുടങ്ങിയവരാണ് സാരഥികൾ. ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിക്ക് അടുത്ത് തന്നെയാണ് സംസ്ഥാന സർക്കാരിൻറെ മികച്ച അങ്കണവാടി വർക്കർക്കുള്ള പുരസ്കാരം നേടിയ ദീപാ മുകുന്ദൻ ജോലിചെയ്യുന്ന കസ്തൂർബാ അങ്കണവാടി. ആറുവർഷം കൊടുങ്ങല്ലൂരിൽ ഉള്ള മിൽമയുടെ അനുബന്ധ സ്ഥാപനത്തിൽ മിൽക്ക് ടെസ്റ്ററായി ജോലി ചെയ്തിരുന്ന ദീപ കൈപ്പിള്ളിയിലെ അങ്കണവാടിയിൽ എത്തിയിട്ട് 21 വർഷം കഴിഞ്ഞു. വയോജനങ്ങൾ, ഗർഭിണികൾ, കിടപ്പുരോഗികൾ എന്നിവർക്കു വേണ്ട പരിചരണം ഒരുക്കാൻ ദീപയുടെ നേതൃത്വത്തിലുള്ള അങ്കണവാടി സംഘം മുന്നിലുണ്ട്. ഇവിടത്തെ വയോജന കമ്മിറ്റിയും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. മികച്ച അംഗണവാടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിലെ പ്രവർത്തകർക്കും മികച്ച വർക്കർക്കുള്ള പുരസ്കാരം നേടിയ ദീപാ മുകുന്ദനും അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻറ് സി.ജി. സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തി.

 

Related posts

കൊടുങ്ങല്ലൂരിൽ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഒറ്റയാൾ സമരം.

Sudheer K

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. രണ്ടു പേർക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം.

Sudheer K

പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നു

Sudheer K

Leave a Comment

error: Content is protected !!