ഇരിങ്ങാലക്കുട : ശക്തിനഗറിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും പൂർണ്ണമായും കത്തി നശിച്ചു. തട്ടിൽ റിജോ ജോസ് എന്ന വ്യക്തിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. വീട്ടിൽ റിജോയുടെ ഭാര്യ മെഡാലിനും, ഇളയ മകളും മാത്രമേ ഉണ്ടായിരുന്നുള്ളു. വീടിന് മുൻവശത്ത് നിന്ന് പൊട്ടിതെറിയ്ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ പുക ഉയരുന്നതായി കണ്ടതായും ഉടൻ തന്നെ വീടിന് പുറകിലൂടെ മതിൽ ചാടി കടന്ന് തൊട്ടപ്പുറത്തെ റോഡിലേയ്ക്ക് എത്തി ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചതെന്നും മെഡാലിൻ പറഞ്ഞു. കാർ പോർച്ചിലെ ടൈലുകൾ, മുകളിലെ ഷീറ്റുകൾ, കാർ പോർച്ചിനോട് ചേർന്നുള്ള മുറിയുടെ ജനാലകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറിൻ്റെ ബാറ്ററി ഷോർട്ട് സർക്യൂട്ട് ആയതിനെ തുടർന്ന് കത്തുകയും തീ കാറിലേക്കും പടർന്നതാകാനാണ് സാധ്യതയെന്നും അഗ്‌നിശമന സേന വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഇലക്ട്രിക് സ്‌കൂട്ടർ ചാർജ്ജ് ചെയ്യാൻ വെച്ചിരുന്നില്ലെന്ന് മെഡാലിൻ പറഞ്ഞു.
previous post
