News One Thrissur
Updates

കപ്പൽ പള്ളി തിരുനാൾ : പതിനായിരത്തോളം റോസാപ്പൂക്കൾ വിതരണം ചെയ്തു.

എറവ്: സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിനെത്തിയവർക്കല്ലൊം സൗജന്യമായി നൽകിയത് സുഗന്ധം പൊഴിക്കുന്ന ഏഴ് നിറങ്ങളിലുള്ള പതിനായിരത്തിലേറെ റോസാപ്പൂക്കൾ.
സ്വർഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ റോസാപ്പൂക്കൾ വർഷിക്കുമെന്ന് ജീവിച്ചിരിക്കേ വിശുദ്ധ കൊച്ചുത്രേസ്യ നൽകിയ വാഗ്ദാനത്തിൻ്റെ പ്രതീകമായാണ് റോസാപ്പൂക്കൾ തിരുനാളാഘോഷ ദിനമായ വെള്ളി റോസാപ്പൂ വിതരണം ചെയ്തത്.
ഏറ്റുവാങ്ങുന്ന റോസാപ്പൂക്കൾ അടുത്ത വർഷത്തെ തിരുനാൾ വരെ വിശ്വാസികൾ സൂക്ഷിച്ച് വെക്കും.

ഉച്ചതിരിഞ്ഞ് നാലിനാണ് റോസാപ്പൂക്കളുടെ വിതരണം ആരംഭിച്ചത്.
കപ്പൽ പള്ളി തിരുനടയിൽ വച്ച് ഇടവകയിലെ അമ്മമാരും വളണ്ടിയർമാരും ചേർന്ന് തിരുനാളിനെത്തിയ ജാതി -മത -രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും തിരുനാൾ ആശംസകൾ നേർന്നാണ് റോസാപ്പൂക്കൾ നൽകിയത്.
വികാരി റവ.ഫാ.ഡോ. റോയ് ജോസഫ് വടക്കൻ, സഹവികാരി ഫാ. ജോഷ് വിൻ കൊക്കൻ, തിരുനാൾ കൺവീനർമാർ, കൈക്കാരന്മാർ, റോസാപ്പൂ നേർച്ച സമർപ്പിച്ച കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ഷംഷാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെ കപ്പൽപ്പള്ളി തിരുനടയിൽ വച്ച് റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് ആർച്ച് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ ആദ്യത്തെ റോസാപ്പൂ വിശ്വാസികൾക്ക് നൽകി റോസാപ്പൂ വിതരണം ഉദ്ഘാടനം ചെയ്തു.
പള്ളിയുടെ മുൻപിൽ കുരിശിൽ റോസാപ്പൂക്കളുമായി നിൽക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിനരികെ ആർച്ച് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനോടൊപ്പം വിശ്വാസികൾ എല്ലാവരും റോസാപ്പൂക്കൾ ഉയർത്തിപ്പിടിച്ച് ദൈവസ്നേഹത്തിന്
നന്ദിയർപ്പിച്ചു.
തുടർന്ന് കപ്പൽ പള്ളിയുടെ ഉള്ളിൽ
പ്രസുദേന്തി വാഴിക്കൽ തിരുക്കർമങ്ങൾ ആരംഭിച്ചു. പ്രസുദേന്തിമാരുടെ കിരീടധാരണവും മെഴുകുതിരി സ്വീകരിക്കലും നടന്നു.
തുടർന്ന് അനുഗ്രഹ പ്രതീകമായ റോസാപൂ വെഞ്ചിരിപ്പ് തുടങ്ങിയത്. എല്ലാവരും പ്രാർഥനകളോടെ റോസാപ്പൂക്കൾ ഉയർത്തി പിടിച്ചപ്പോൾ
ആർച്ച് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ റോസാപ്പൂക്കൾ വെഞ്ചിരിച്ചു. പള്ളിയ്ക്കുള്ളിലും പുറത്തുമെല്ലാം റോസാപ്പൂക്കളുടെ സുഗന്ധം പടർന്നു.
തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന തുടങ്ങി. കുർബാനയ്ക്കിടയിൽ കുടുംബങ്ങളുടെ കാഴ്ചസമർപ്പണം നടത്തി. കുർബാനയ്ക്ക് ശേഷം അൾത്താരയിലെ ജീവൻ്റെ വൃക്ഷത്തിൽ നിന്ന് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ കൊച്ചു ത്രേസ്യയുടെ രൂപം താഴേക്ക് ഇറക്കി. തുടർന്ന് അൾത്താരയിൽ നിന്ന് 3 തിരുസ്വരൂപങ്ങൾ, ആർച്ച് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ എടുത്ത് കൈക്കാരന്മാർക്ക് കൈ
മാറിയതോടെ കുടു തുറക്കൽ ശുശ്രൂഷ തുടങ്ങി. കപ്പൽ പള്ളിയുടെ പ്രധാനവാതിലിലേക്ക് ആർച്ച് ബിഷപ്പ് വന്ന് ദീപക്കപ്പലും ദീപലങ്കാരങ്ങളും സ്വിച്ചോൺ ചെയ്തു.
തുടർന്ന് പ്രസുദേന്തിമാരും വിശ്വാസികളും കപ്പൽ പ്പള്ളിയുടെ മുൻവശത്തെ കപ്പേളയിലെത്തി കൂടു തുറക്കൽ പ്രാർത്ഥനകളും നൊവേനയും നടത്തി.
കപ്പേളയിൽ നിന്ന് തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രദക്ഷണം ആരംഭിച്ച് തിരുനാൾ പൂപ്പന്തലിലെത്തി. തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിച്ചു.
രാത്രി എറവ് ആറാംകല്ലിലെ കപ്പേളയിൽ നിന്ന് ആരംഭിച്ച പുഷ്പക്കുരിശ് എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ സ്ത്രീയെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ

Sudheer K

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലും ലോറിയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

Sudheer K

മതിലകത്ത് ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!