News One Thrissur
ThrissurUncategorized

പൂരം പ്രദർശനം നാളെ

തൃശൂർ: പൂരം പ്രദർശനം നാളെ വൈകിട്ട് 5നു മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിക്കും. ഏപ്രിൽ 19, 20 തീയതികളിലാണു പൂരം. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ നടത്തുന്ന 61–ാമത് പൂരം പ്രദർശനമാണിത്. 180ലധികം സ്റ്റാളുകളും 70ലധികം പവിലിയനുകളുമാണ് തയാറാക്കുന്നത്. ഐഎസ്ആർഒ, ബിഎസ്എൻഎൽ, കയർ ബോർഡ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കേരള പൊലീസ്, എക്സൈസ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, കാർഷിക സർവകലാശാല, വെറ്ററിനറി യൂണിവേഴ്സിറ്റി, ഗുരുവായൂർ ദേവസ്വം, ജൂബിലി മിഷൻ മെഡിക്കൽ കോളജ് എന്നിവയും പവിലിയൻ ഒരുക്കുന്നുണ്ട്. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ വിവരാധിഷ്ഠിത സ്റ്റാളുകളും ഉണ്ടായിരിക്കും. റോബട്ടിക്സ് അനിമൽ പ്രദർശനം, സൂപ്പർ റിയാലിറ്റി ഡോം തിയറ്റർ എന്നിവ ഇത്തവണത്തെ ആകർഷണങ്ങളാണ്. നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളുണ്ട്. കുട്ടികൾ‍ക്കു വിനോദത്തിന് വിപുലമായ സംവിധാനം ഉണ്ടായിരിക്കും.

പൊടി ശല്യം ഒഴിവാക്കുന്നതിനു സ്റ്റാളുകളിലും സന്ദർശക വഴികളിലും കാർപെറ്റ് വിരിക്കുന്നുണ്ട്. ദിവസവും വൈകിട്ട് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ നടത്തും. സാധാരണ ദിവസങ്ങളിൽ പ്രവേശന ടിക്കറ്റിനു 35 രൂപയും പൂരം ദിവസങ്ങളിൽ 50 രൂപയുമാണ്. പ്രദർശനത്തിന്റെ പേരിൽ നഗരത്തിലെ വൈദ്യുതി വിതരണത്തിനു കുറവു വരാതിരിക്കാൻ ജനറേറ്റർ വഴി വൈദ്യുതി ഉൽപാദിപ്പിക്കും. വെള്ളത്തിനായി വടക്കേച്ചിറ, പാറമേക്കാവ് ക്ഷേത്രക്കുളം എന്നിവ ഉപയോഗിക്കും. പൂരം നടത്തിപ്പിനായി ഇരു ദേവസ്വങ്ങളും രണ്ടര കോടിയോളം രൂപ കണ്ടെത്തേണ്ടതുണ്ടെന്നും ചെലവിന്റെ നല്ലൊരു ശതമാനം തുക പ്രദർശനത്തിൽ നിന്നാണു സമാഹരിക്കുന്നതെന്നും കെ.ഗിരീഷ് കുമാർ, എ.രാമകൃഷ്ണൻ‌, പി.എ.വിപിനൻ എന്നിവർ അറിയിച്ചു.

Related posts

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

Sudheer K

ഗ്രേസി അന്തരിച്ചു

Sudheer K

പാലയൂർ മഹാ തീർത്ഥാടനം: പഴുവിൽ മേഖല പദയാത്ര ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!