News One Thrissur

Thrissur

നവീകരണത്തിന് കാതോർത്ത് കൊടുങ്ങല്ലൂർ കാവിൽക്കടവ് തോട്.

കൊടുങ്ങല്ലൂർ: നഗരത്തിലെ കാവിൽക്കടവ് തോടിൻ്റെ നവീകരണം വീണ്ടും ചർച്ചയാകുകയാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള തോട് ഒരു കാലത്ത് നഗരത്തിലേക്കുള്ള ജലപാതയായിരുന്നു. ചരക്കു വള്ളങ്ങളും, യാത്രാ വള്ളങ്ങളും ഇതുവഴി ധാരാളമായി കടന്നു പോയിരുന്നു അക്കാലത്ത്.

റോഡ് വഴിയുള്ള ഗതാഗതം സജീവമായതോടെ മറ്റു ജലമാർഗ്ഗങ്ങളെ പോലെ കാവിൽക്കടവ് തോടും നിർജ്ജീവമായി. പത്ത് വർഷം മുൻപ് വരെ ആഴ്ച്ചയിൽ രണ്ട് തവണ എറണാകുളത്ത് നിന്നുമുള്ള ചരക്ക് വള്ളം കാവിൽക്കടവിലെത്തിയിരുന്നു.പിന്നീട് അതും നിലച്ചു.

മണൽവാരലിന് നിയന്ത്രണം വന്നതോടെ മണൽ വഞ്ചികളും അപ്രത്യക്ഷമായി. കനോലി കനാലിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്ററിലധികം ദൂരം നഗരത്തിലേക്ക് കയറിക്കിടക്കുന്ന ജലമാർഗ്ഗമാണ് കാവിൽക്കടവ് തോട്.
നഗരത്തിലെ ചെറു തോടുകളിൽ നിന്നുമുള്ള വെള്ളം ഒഴുകിയെത്തുന്ന പ്രധാന ഇടമാണിത്. അതു കൊണ്ടു തന്നെ നഗരത്തിലെ സർവ്വ മാലിന്യവും ഇവിടെ വന്നടിയുന്നുണ്ട്. വേലിയേറ്റ സമയത്ത് പുഴയിൽ നിന്നും വെള്ളം കയറുന്ന കാവിൽക്കടവ് തോട് വേലിയിറക്ക സമയത്ത് ഏറെക്കുറെ വറ്റിവരളും. യഥാസമയങ്ങളിൽ ശുചീകരണം നടത്താത്തതിനാൽ ദുർഗന്ധപൂരിതമാണിവിടം.
ആലപ്പുഴയിലെയും, ചില വിദേശ രാജ്യങ്ങളുടെയും മാതൃകയിൽ കാവിൽക്കടവ് തോടിനെ സൗന്ദര്യവത്ക്കരിക്കണമെന്ന ആവശ്യത്തിന് പിന്തുണ ഏറിവരികയാണ്. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ സാമൂഹ്യ പ്രവർത്തകനായ കല്യാൺ റാം കാവിൽക്കടവ് തോട് നവീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തോട് ശുചീകരിച്ച് സംരക്ഷിക്കുന്നതോടൊപ്പം വൈദ്യുതി ദീപങ്ങൾ , നടപ്പാതയും, നടപ്പാലവും നിർമ്മിക്കുക, ആംഫി തിയ്യറ്റർ സ്ഥാപിക്കുക തുടങ്ങി വിവിധ നിർദ്ദേശങ്ങൾ കല്യാൺ റാം നവകേരള സദസിന് മുന്നിൽ സമർപ്പിച്ചിരുന്നു.

ഇതേ തുടർന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയുണ്ടായി.
നവീകരണത്തിലൂടെ കാവിൽക്കടവ് തോടിനെ ജല വിനോദ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Related posts

കാഞ്ഞാണിയിൽ രക്തസാക്ഷി സ്മൃതിയും ചെത്തുതൊഴിലാളികളെ ആദരിക്കലും

Sudheer K

ഗോവയിൽ നിന്നും ടാക്സി ഡ്രൈവറെ ആക്രമിച്ച്‌ കാർ തട്ടി: കുന്നംകുളം സ്വദേശിയെ ഗോവ പോലീസ്‌ അറസ്റ്റ്‌ ചെയ്തു

Sudheer K

യുവ മലയാളി ഡോക്ടർ ദുബായിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

admin

Leave a Comment

error: Content is protected !!