News One Thrissur

Thrissur

ആരു വിചാരിച്ചാലും കേരളത്തെ തകർക്കാനാവില്ല എന്ന സന്ദേശമാണ് നവകേരള സദസ്സിലെ പതിനായിരങ്ങൾ: മുഖ്യമന്ത്രി

കയ്പമംഗലം: കേരളത്തെ തകർക്കാൻആരു വിചാരിച്ചാലും നടക്കില്ല എന്ന സന്ദേശമാണ് നവകേരള സദസ്സിൽ ഒഴുകിയെത്തുന്ന പതിനായിരങ്ങൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ നടന്ന കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾ ഒന്നിച്ച് കേരളം നേരിടുന്ന പ്രശ്നത്തെ കാണണം. പിന്തുണ നൽകണം.

നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതാണ്. ഒന്നിനും നമ്മുടെ നാടിനെ വിട്ടുകൊടുക്കാനാവില്ല. ഏതുതരത്തിലുള്ള കുൽസിത പ്രവൃത്തി ഉണ്ടായാലും മുന്നോട്ടുപോവുക തന്നെ ചെയ്യും. നമ്മുടെ നാട് കാലികമാകുന്നതിനു വേണ്ടിയാണ് ഇതെല്ലാം. ഓരോ മേഖലയിലും ഓരോ രംഗത്തും നമുക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അതു സങ്കുചിതമായ കക്ഷിരാഷ്ട്രീയമല്ല. അത് നാടിനു വേണ്ടിയാണ്.

നവകേരളത്തെ ലോകത്തിലെ വികസിത മധ്യവരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ്. എല്ലാ പ്രതിസന്ധികൾക്കിടയിലും നാം മുന്നേറുകയാണ്. തനത് വരുമാനം നല്ല രീതിയിൽ വർദ്ധിപ്പിക്കാൻ നമ്മൾക്കായി. ആഭ്യന്തര വരുമാനവും പ്രതിശീർഷവരുമാനവും നല്ല രീതിയിൽ വർധിപ്പിക്കാനായി. നമ്മുടെ തന്നെ പ്രവൃത്തികളിലൂടെ ആഭ്യന്തരവരുമാനം വർധിപ്പിക്കാനായെങ്കിലും വിഷമിപ്പിക്കുന്നത് കേന്ദ്രത്തിന്റെ നിസഹകരണമാണ്. നമ്മുടെ നാടിനോട് പ്രത്യേക പകയോടുള്ള സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. അതിനോട് പ്രതികരിക്കാൻ കേരളത്തിൽ നിന്നുള്ള 18 പ്രതിപക്ഷ പാർലമെന്റംഗങ്ങളിൽ ഒരാൾ പോലും തയ്യാറായില്ല. ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. നവകേരള സദസ്സിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തം കണ്ടപ്പോൾ ഇതിന് മാറ്റമുണ്ടായി. ഒന്നിനൊന്ന് മെച്ചപ്പെട്ട ജനാവലിയാണ് ഓരോ നവകേരള സദസ്സിലും എത്തുന്നത്. നമ്മുടെ നാട്ടിൽ ഇനിയും ചില കാര്യങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യമാണ് ഈ ജനാവലി ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ നാട്, അതിന്റെ ഭാവി ഭദ്രമായിരിക്കും എന്ന് ഉറപ്പാണ് ഈ സദസ്സ് നൽകുന്നത്. ഒരുമയോടെ ഐക്യത്തോടെ ഉള്ള ഒരു നാടിനെ ഒന്നിനും പിന്നോട്ടടിക്കാനാവില്ല. കേരളം നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ സമക്ഷം അവതരിപ്പിക്കാനാണ്

നവകേരള സദസ്സ് ലക്ഷ്യമിട്ടത്. എന്നാൽ ജനങ്ങൾ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ബോധവമുള്ളവരാണെന്നാണ് ഈ സദസ്സിൽ പങ്കെടുക്കുന്ന പതിനായിരങ്ങൾ കാണിച്ചുതരുന്നത്. നവകേരള സദസ്സ് പ്രഖ്യാപിച്ചപ്പോൾ ബഹിഷ്കരിക്കുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. എന്തിനാണ് ബഹിഷ്കരണം എന്ന് അവർക്കുപോലും അറിയില്ല. എന്നാൽ എല്ലാ സദസ്സിലും എല്ലാ അഭിപ്രായക്കാരും വരുകയാണ്. ഒരു കക്ഷി, മതഭേദവും ബാധിച്ചിട്ടില്ല. എന്റെ നാട് കൂടുതൽ നല്ല നിലയിൽ പോകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന്റെ തെളിവാണ് മഹാസംഗമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ സദസ്സിൽ അധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, കെ. രാധാകൃഷ്ണൻ എന്നിവർ സദസ്സിൽ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, കെ.പി. രാജൻ, നിഷ അജിതൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം അഹമ്മദ്, കെ.എസ്. ജയ, സുഗത ശശിധരൻ, മഞ്ജുള അരുണൻ, നിയോജകമണ്ഡലം ജനറൽ കൺവീനർ എം.എം ജോവിൻ എന്നിവർ പങ്കെടുത്തു.

Related posts

മുല്ലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു

Sudheer K

സെക്കന്റില്‍ 1ജിബി വേഗത; കൊച്ചിയിലും ഗുരുവായൂരിലും 5ജി എത്തി, 22 മുതല്‍ തിരുവനന്തപുരത്തും

Sudheer K

കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റായി പി.വി. രമണൻ ചുമതലയേറ്റു.

Sudheer K

Leave a Comment

error: Content is protected !!