അരിമ്പൂർ: സ്വകാര്യ ബസുകൾ മൂലമുള്ള അപകടങ്ങൾക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് അരിമ്പൂർ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കി. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നതായും ചോദ്യം ചെയ്യുന്നവരെ ഗുണ്ടായിസം കാട്ടി ഭീഷണിപ്പെടുത്തുന്ന പ്രവണതയാണുള്ളതെന്നും സ്പീഡ് ഗവർണ്ണർ പിടിപ്പിക്കാതെ ഓടുന്ന ബസുകൾ ഉണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ലഹരി ഉപയോഗിച്ച് ബസോടിക്കുന്നവർ നിരവധിയുണ്ടെങ്കിലും ഇതിനു തടയിടാൻ പോലീസിനോ മോട്ടോർവാഹന വകുപ്പിനോ കഴിയുന്നില്ലെന്നും യോഗത്തിൽ പരാമശമുയർന്നു. ഇക്കാര്യങ്ങൾ വിവിധ രാഷ്ട്രീയ കക്ഷിക്കാരായ അംഗങ്ങങ്ങൾ ഒരേ സ്വരത്തിൽ അംഗീകരിച്ചതോടെയാണ് പ്രമയേം പാസാക്കിയത്. ഇത് മുഖ്യമന്ത്രിക്കും, ഗതാഗത വകുപ്പ് മന്ത്രിക്കും, ആർ.ടി.ഓ. എന്നിവർക്ക് കൈമാറും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, അംഗങ്ങളായ ഷിമി ഗോപി, സി.പി. പോൾ, കെ. രാഗേഷ്, പി.എ. ജോസ്, ജെൻസൺ ജെയിംസ്, സുധ സദാനന്ദൻ, സുനിത ബാബു തുടങ്ങിയവർ പങ്കെടുത്തു.
കടുപ്പിച്ച് ഡി.വൈ.എഫ്.ഐ.
സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടായില്ലെങ്കിൽ ഡി.വൈ.എഫ്.ഐ. പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും, കിരൺ എന്ന ബസുകൾ മൂലം അപകടമുണ്ടാക്കി ജീവിതം ഹോമിക്കപ്പെട്ടവരുടെ സംഗമം സംഘടിപ്പിക്കുമെന്നും അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി.വൈ.എഫ് ഐ. ബ്ലോക്ക് ട്രഷററുമായ സി.ജി. സജീഷ്, സൗത്ത് മേഖലാ സെകട്ടറി വിഷ്ണുപ്രസാദ്, പ്രസിഡന്റ് വരുൺ , സെകട്ടറി വിപിൻ കൈപ്പിള്ളി, നോർത്ത് മേഖലാ പ്രസിഡന്റ് വിപിൻ പി.എസ്, സെക്രട്ടറി വിഷ്ണു പ്രസാദ്, ട്രഷറർ സുമേഷ് എന്നിവർ പറഞ്ഞു.