ഗുരുവായൂർ: ഉത്സവാന്തരീക്ഷത്തിൽ ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂരിന്റെ സ്വപ്നപദ്ധതിയായ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വാദ്യമേളവും കാവടിയാട്ടവുമായി ഉദ്ഘാടന സമ്മേളനം നടന്നു. നാടും നഗരവും അഭിമാന പദ്ധതിയോടൊപ്പം കൈകോർത്തപ്പോൾ ഗുരുവായൂർ ആനന്ദലഹരിയിലാറാടി.
ആയിരക്കണക്കിന് ജനങ്ങളാണ് ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം
മന്ത്രിമാരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ്സിൽ
പാലത്തിലൂടെ ആദ്യ യാത്ര നടത്തി. ബസ്സിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 24.54 കോടി രൂപയാണ് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് അനുവദിച്ചത്. 2017 ലാണ് പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭ്യമായത്. റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായി 23 സെന്റ് സ്ഥലവും സർക്കാർ
ഏറ്റെടുത്തു. 2017 നവംബർ മാസത്തിൽ റോഡ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻസ് ഓഫ് കേരള (ആർബിഡിസികെ) സ്ഥലമേറ്റെടുക്കുന്നതിനായുള്ള സർവ്വേ നടപടികൾ പൂർത്തീകരിച്ചു.
തുടർന്ന് ചെന്നൈ ഐഐടിയുടെ അനുമതി ലഭ്യമായി. 2021 ജനുവരിയിൽ നിർമ്മാണ ഉദ്ഘാടനം നടത്തി. ഡിസംബറിൽ പൈലിങ് പ്രവൃത്തി ആരംഭിച്ചു.റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ റെയിൽവേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് വിരാമമാകും. ഒരു ദിവസം മുപ്പതോളം തവണയാണ് റെയിൽവേ ക്രോസ് അടച്ച് തുറന്നിരുന്നത്.
ഇതുമൂലം അനുഭവപ്പെട്ടിരുന്ന ഗതാഗത തടസ്സത്തിന് പരിഹാരമായി റെയിൽവേ മേൽപ്പാലം വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. കെ.വി. അബ്ദുൽഖാദർ എംഎൽഎ ആയിരുന്ന കാലഘട്ടത്തിലാണ് റെയിൽവേ മേൽപ്പാലത്തിന് അനുമതി ലഭ്യമായത്. തുടർന്ന് എൻ.കെ. അക്ബർ എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി മേൽപ്പാലം നിർമ്മാണം പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കഴിഞ്ഞു.
എല്ലാ മാസവും മേൽപ്പാലം നിർമ്മാണ അവലോകന യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തി. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച കേരളത്തിലെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ആദ്യം നിർമ്മാണം പൂർത്തികരിച്ചത് ഗുരുവായൂരിലേതാണെന്ന പ്രത്യേകതയുമുണ്ട്.
സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിസ്റ്റ് സ്ട്രക്ചർ മാതൃക ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. റോഡ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻസ് ഓഫ് കേരളയ്ക്കായിരുന്നു (ആർബിഡിസികെ) നിർമ്മാണ ചുമതല. 5 സ്പാനുകളിലായി 22 ഗർഡറുകളുമാണ് മേൽപ്പാല നിർമ്മാണത്തിന് ഉപയോഗിച്ചത്.
റെയിൽവേ ഗേയ്റ്റിന് മുകളിലൂടെ 517.32 മീറ്റർ ദൂരത്തിലാണ് റെയിൽവേ മേൽപ്പാലം. 10.15 മീറ്ററാണ് വീതി. ഗതാഗത സഞ്ചാരത്തിനായി ബിഎം ബിസി നിലവാരത്തിൽ 7.5 മീറ്റർ വീതിയിലായി റോഡും 1.5 മീറ്റർ വീതിയിലായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പഴയ റോഡ് നാലുമീറ്റർ വീതിയിൽ സർവ്വീസ് റോഡായി ഉപയോഗിക്കും. മേൽപ്പാലത്തിനു താഴെ പ്രഭാത സവാരി, ഓപ്പൺ ജിം എന്നിവ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കും.