കൊടുങ്ങല്ലൂർ: ആൾ താമസമില്ലാത്ത വീടുകൾ കുത്തിതുറന്ന് കവർച്ച നടത്തുന്ന സംഘം കൊടുങ്ങല്ലൂരിൽ പിടിയിലായി.
പടക്കുളത്ത് പൂട്ടിക്കിടന്ന വീട് കുത്തി തുറന്ന് ആഡംബര വാച്ചും, വീട്ടുപകരണങ്ങളും, കാറിന്റെ ബാറ്ററിയും മോഷ്ടിച്ച പത്തംഗ സംഘത്തിൽ ഉൾപ്പെട്ട അഴീക്കോട് അയ്യാരിൽ കരിക്കുളം വീട്ടിൽ അഹമ്മദ് ഹാബിൽ (18), പൊടിയൻബസാർ ചെമ്പനേഴത്ത് സൂര്യ (18), എൽത്തുരുത്ത് പെരിങ്ങാട്ട് പ്രണവ് (18) എന്നിവരെയാണ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്തു. ശൃംഗപുരം പബിഎംജിഎച്ച്എസ് സ്കൂളിന്റെ പടിഞ്ഞാറു വശം ജിബിനിലയത്തിലെ ഭാഗ്യലഷ്മിയുടെ വീട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. കവർച്ച ചെയ്ത മുതലുകൾ പലപ്പോഴായി വിറ്റു കിട്ടിയ പണം ലഹരി വസ്തുക്കൾ വാങ്ങാനും മറ്റുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. അറസ്റ്റിലായവർ പല സ്റ്റേഷനുകളിലും മോഷണക്കേസിൽ പ്രതികളാണ്. മറ്റുപ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.