അന്തിക്കാട്: കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗും രേഖകളും ഉടമക്ക് തിരിച്ചു നൽകി കോൺഗ്രസ് നേതാവിൻ്റെ മാതൃക പ്രവർത്തനം. അന്തിക്കാട് ആശുപത്രിക്ക് പടിഞ്ഞാറ് ട്രാൻസ്ഫോർമറിനടുത്തുള്ള റോഡിൽ വീണു കിടന്നിരുന്ന 26500 രൂപയടങ്ങുന്ന ബാഗും ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളുമാണ് കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡൻ്റ് കെ.ബി രാജീവിന് ലഭിച്ചത്.
അന്തിക്കാട്ടെ പാർട്ടി ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ബാഗ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാഗുമായി അന്തിക്കാട് പോലീസ് സ്റ്റേഷനിലെത്തി ഏൽപ്പിച്ചു. മണലൂർ സ്വദേശി യദു ഗണേശിൻ്റേതായിരുന്നു പണമടങ്ങിയ ബാഗ്. സഹകരണ ബാങ്കിന്റെ കളക്ഷൻ ഏജൻ്റായിരുന്ന യദു ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്.
തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവ അന്തിക്കാട് സ്റ്റേഷനിൽ ലഭിച്ചതായി വിവരം കിട്ടിയത് . സ്റ്റേഷനിൽ വെച്ച് പോലീസ് സബ് ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ ഉടമക്ക് ബാഗ് രാജീവ് കൈമാറി.