മാള: ആൾമാറാട്ടം നടത്തി മാളയിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വെസ്റ്റ് മുംബൈ സ്വദേശി ഗീതൻ ദേശായിയെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.
ബോംബെ കേന്ദ്രമായി പ്രവർത്തിക്കുന്ന ബോസ്റ്റൺ ഐ സോലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ എച്ച്ആർ മാനേജരാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കോളേജ് അധികൃതരെ കബളിപ്പിച്ചത്. ഇവിടുത്തെ വിദ്യാർത്ഥികളെ ക്യാമ്പസ് പ്ലെയ്സ്മെന്റ് ഇന്റർവ്യൂ ചെയ്തായിരുന്നു തട്ടിപ്പ്. ഇന്നലെ രാവിലെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി കോളേജിൽ നിന്നും 12,500രൂപ ഇയാൾ തട്ടിയെടുത്തെന്ന് കോളേജ് അധികൃതർ മാള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗീതൻ ദേശായി എന്ന പേരിലാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് കോളേജ് അധികൃതർ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്റ് ചെയ്തതായി സിഐ സജിൻ ശശി പറഞ്ഞു.