ഗുരുവായൂര്‍: ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ ഒ.എ. രതീഷ് ആണ് മരിച്ചത്.
സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ 26 വര്‍ഷമായി ചന്ദ്രശേഖരനെ
ആനത്താവളത്തിൽ ചങ്ങലയിൽ തളച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചന്ദ്രശേഖരനെ അഴിച്ച് ക്ഷേത്രത്തിൽ എത്തിച്ചത്.
ഇനി ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പാപ്പാന്‍മാരെ അനുസരിക്കാത്ത പ്രകൃതമാണ് ചന്ദ്രശേഖരന്റെ തടവറ വാസത്തിനു കാരണം. മദപ്പാടുകാലത്ത് ചങ്ങല പൊട്ടിക്കുന്നത് ഒറ്റക്കൊമ്പന്റെ കുറുമ്പുകളിലെ പ്രധാനപ്പെട്ടതാണ്.
നീരില്‍ തളച്ച സമയത്ത് ഇടഞ്ഞ് ചങ്ങല പൊട്ടിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ മയക്കുവെടി ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. കുറുമ്പ് കൂടിയപ്പോഴാണ് ചെറുപ്പത്തിൽ ഒരു കൊമ്പ് നഷ്ടപ്പെട്ടത്. കൊമ്പിന്റെ കുറവൊഴിച്ചാല്‍ തലയെടുപ്പില്‍ ഒട്ടും മോശക്കാരനല്ലാത്ത കൊമ്പനാണ് ചന്ദ്രശേഖരന്‍.
വിരിഞ്ഞ മസ്തകവും ആകാരവും ഉയരവും ചന്ദ്രശേഖരന്റെ ആനച്ചന്തത്തിന്റെ അലങ്കാരമാണ്. 22 വര്‍ഷമായി സിദ്ധാര്‍ഥന്‍ ആനയുടെ പാപ്പാനായിരുന്ന കെ.എന്‍. ബൈജുവാണ് രണ്ടുവര്‍ഷമായി ചന്ദ്രശേഖരനെ പരിപാലിക്കുന്നത്.
ബൈജുവിന്റെ മേല്‍നോട്ടത്തില്‍ മൂന്നു പാപ്പാന്മാര്‍ ചേര്‍ന്നാണ് ചന്ദ്രശേഖരനെ അനുസരണക്കാരനാക്കി മാറ്റിയത്. ആനപ്രേമികള്‍ ചന്ദ്രശേഖരന് കൃത്രിമ കൊമ്പ് ഘടിപ്പിച്ചു നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. കൊമ്പിന്റെ കുറവ് മാറുന്നതോടെ എഴുന്നള്ളിപ്പുകളിലും സജീവമാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ ആണ് ആക്രമണം.