വാടാനപ്പള്ളി : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വാടാനപ്പള്ളി ബീച്ച് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. ഗ്രാമ പഞ്ചായത്തിന്റെ ബീച്ച് ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായതോടെ തീരവാസികൾ ഏറെ ആഹ്ലാദത്തിലാണ്. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുരളി പെരുനെല്ലി എം.എൽ എ, ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ബീച്ച് സന്ദർശിച്ചു.
ബീച്ച് ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് വാടാനപ്പള്ളി തീരദേശ മേഖലയ്ക്കുള്ളത്. സമീപ പ്രദേശങ്ങളിലുള്ള മികച്ച ടൂറിസം ബീച്ചുകൾക്കൊപ്പം ഇടം പിടിക്കുകയാണ് വാടാനപ്പള്ളി ബീച്ചും. മണലൂർ നിയോജക മണ്ഡലം എം.എൽ.എയായ മുരളി പെരുനെല്ലിയുടെ ഫണ്ടിൽ നിന്നും 2022 ൽ പദ്ധതിക്ക് ആവശ്യമായ 10 കോടി രൂപ അനുവദിച്ചിരുന്നു. 2023 ല്‍ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി യോഗം ചേർന്നത്.
യോഗത്തിൽ ടൂറിസം എൻജിനിയർ സ്ഥലം സന്ദർശിച്ച് വിശദമായ പദ്ധതി രൂപരേഖ തയാറാക്കുന്നതിന് കലക്ടർ നിർദേശം നൽകി. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഒരുങ്ങുന്ന ബീച്ച് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ വാടാനപ്പള്ളി സെന്റർ മുതൽ ബീച്ച് വരെയുള്ള റോഡ് ഉൾപ്പെടുന്ന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തൊഴിലവസരങ്ങളും പ്രാദേശിക വികസനവുമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലും വാടാനപ്പള്ളി ബീച്ച് സന്ദർശനത്തിലും മുരളി പെരുനെല്ലി എം.എൽ എ, ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ വിശ്വംഭരൻ , ഡി.ടി.പി.സി ഉദ്യോഗസ്ഥ വിദ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഐ.എ തോമസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് മഠത്തിൽ, സി.പി.ഐ സെക്രട്ടറി സി.ബി സുനിൽകുമാർ, അഷറഫ് വലിയകത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം നിസാർ, ഗ്രാമ – ബ്ലോക്ക് ജനപ്രതിനിധികളായ ഇബ്രാഹിം പടുവിങ്ങൽ, സുലേഖ ജമാലു, രേഖ അശോകൻ, സരിത ഗണേഷ്, ദിൽ ദിനേശൻ, എം.എസ് സുജിത്ത്, പൊതുപ്രവർത്തകരായ വി.എ ഷാജുദ്ദീൻ, കെ.കെ അനിൽകുമാർ, ഗിരീഷ് മാത്തുക്കാട്ടിൽ, എ.എ യൂസഫ് പങ്കെടുത്തു.