കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ മേത്തലയിൽ ആമ ഇറച്ചി പിടികൂടി. അഞ്ചുപേർ അറസ്റ്റിലായി. മേത്തല അഞ്ചപ്പാലം കേരളേശ്വരപുരം ക്ഷേത്രത്തിനു സമീപം മുന്നേഴത്ത് ഷണ്മുഖന്റെ വീട്ടിൽ നിന്നുമാണ് അഞ്ചു ആമകളുടെ ഇറച്ചി പിടികൂടിയത്.
ആമകളെ കൊന്നശേഷം പാകം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് പരിയാരം കൊന്നക്കുഴി ഫോറസ്റ് മൊബൈൽ സ്‌ക്വാഡ് ഇവരെ പിടികൂടിയത്. കറുത്ത ആമകളെയും, സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട വെളുത്ത ആമകളെയും ആണ് കറി വയ്ക്കാൻ ആയി ശ്രമിച്ചതെന്ന് ഫോറസ്ററ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിയാരം ഫോറസ്ററ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഷണ്മുഖന്റെ മകൻ സിബീഷ്, മേത്തല സ്വദേശികളായ ഷെമീർ, രാധാകൃഷ്ണൻ, മുരുകൻ, റസൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ഷണ്മുഖനെ പ്രായം കണക്കിലെടുത്ത് അറസ്റ്റിൽ നിന്നും ഒഴിവാക്കി.