കാഞ്ഞാണി: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം പുത വീട്ടിൽ കുമാരൻ ഭാര്യ ഓമന(63) ആണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമന വ്യാഴാഴ്ച്ച രാവിലെയാണ് മരണപെട്ടത്. എവിടെ നിന്നാണ് ഇവർക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല
. ചെള്ള് പനി ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്രവർത്തകരും മുൻ കരുതൽ നടപടികളുമായി രംഗത്തുണ്ട്. ഫീവർ സർവ്വേ നടത്തിയും, സ്പ്രേ നടത്തിയും, ബോധവത്കരണ ക്ലാസുകൾ നടത്തിയും. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കി. ആരോഗ്യ പ്രവർത്തകരായ ടി.ജെ. ദേവസി, ആർ.ദീപറാണി, ആശാ പ്രവർത്തകരായ അജിത പാലാഴി, അനിത കുട്ടൻ, ഷീജ പ്രേംലാൽ, സീമ ജയരാജൻ, ജീജ ഭായ്, വാർഡ് അംഗം ധർമ്മൻ പറത്താട്ടിൽ. എന്നിവർ നേതൃത്വം നൽകി.
പുല്ലിലും പുൽ പടർപ്പുകളിലും ജോലിയെടുക്കുന്നവർ കൈകാലുകളിൽ ഉറകൾ ഇടണമെന്നും പനിയോ ശരീരം വേദനയോ ഛർദ്ദിയോ ശരീരത്തിൽ സംശയാസ്പദമായ പാടുകളോ ഉള്ളവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും നിലവിൽ ആശങ്കപെടാനില്ലെന്നും മണലൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കേതുൾ പ്രമോദ് പറഞ്ഞു.