എറവ്: സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ ജപമാല മാസാചരണ സമാപനത്തിന്റെ ഭാഗമായി 63 പെൺകുട്ടികൾ പരിശുദ്ധ മാതാവിന്റെ വേഷമണിഞ്ഞ് അണിനിരന്നത് ശ്രദ്ധേയമായി.
വിവിധ രാജ്യങ്ങളിൽ മാതാവിന്റെ ദർശന സമയത്തുള്ള വേഷവിധാനങ്ങളാണ് എയ്ഞ്ചൽസ് ആർമിയുടെ നേതൃത്വത്തിൽ ബാലികമാർ അണിഞ്ഞത്. ഇടവകയിലെ വിവിധ മേഖലകളിൽ നിന്നു മേഖല തലത്തിലുള്ള ജപമാല റാലികൾ പള്ളിയിൽ സംഗമിച്ചു. തുടർന്നു നടന്ന പാട്ടുകുർബാനയ്ക്കു തൃശൂർ കാൽവരി ആശ്രമം റെക്ടർ ഫാ.ജെയ്സൺ വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. റോയ് ജോസഫ് വടക്കൻ , സഹ വികാരി ഫാ. ഡെബിൻ ഒലക്കേങ്കിൽ എന്നിവർ നേതൃത്വം നൽകി. നേർച്ചപ്പായസവിതരണവും അമ്മമാർ ഫുഡ് ഫെസ്റ്റും ഒരുക്കിയിരുന്നു.