കാഞ്ഞാണി: സഹകരണ സംഘങ്ങളിലെ ഭരണസമിതിയിൽ മൂന്നു ടേം പൂർത്തിയായവരെ പിന്നീട് തുടരാൻ അനുവദിക്കില്ലെന്നും ഇതിനായുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കാരമുക്ക് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കരുവന്നൂരിലെ സഹകരണ ബാങ്ക് നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും ഇക്കാര്യം സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.. സഹകരണ സംഘങ്ങളുടെയും ബാങ്കുകളേയും കോർത്തിണക്കി പുതിയ സോഫ്റ്റ് വെയർ തയാറാക്കും. ഇതു പ്രാബല്യത്തിലായാൽ എവിടെയെങ്കിലും ക്രമക്കേട് കണ്ടെത്തിയാൽ ഉടൻ കണ്ടെത്താനാകും.
മുരളി പെരുനെല്ലി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സോളാർ പദ്ധതിയുടെ ഉദ്ഘാടനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ നിർവഹിച്ചു.ബാങ്ക് പ്രസിഡണ്ട് ടി.ഐ.ചാക്കോ, സെക്രട്ടറി വി.ഡി.അനിൽകുമാർ, അന്തിക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സിന്ധു ശിവാദാസ്, അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത് ,സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ ടി.വി.ഹരിദാസൻ, കെ.വി.വിനോദൻ, സി.കെ.വിജയൻ, വി.ആർ.മനോജ്, ധർമാൻ പറത്താട്ടിൽ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ കുടുംബശ്രീ , ഹരിതകർമ്മ സേനാ പ്രവർത്തകരെ ആദരിച്ചു.