അന്തിക്കാട് : പടിയം പള്ളിയിൽ ത്രിപുര സുന്ദരി ദേവി കുടുംബക്ഷേത്രത്തിൽ മോഷണം പോയ മൂന്നരപവന്റെ സ്വർണ്ണാഭരണങ്ങളും പണവും കണ്ടെത്തി. കഴിഞ്ഞ ദിവസം ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് ഇവിടെ മോഷണം നടന്നിരുന്നു. അപ്പോൾ നഷ്ടപ്പെട്ടെന്ന് പറഞ്ഞ മുതലുകളാണ് ക്ഷേത്രം വൃത്തിയാക്കുന്നതിനിടയിൽ കണ്ടെത്തിയെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹികൾ അന്തിക്കാട് പോലീസിനെ ഏൽപ്പിച്ചത്. ഇതോടെ സംഭവത്തിൽ ദുരൂഹതയേറി.
വിരലടയാള വിദഗ്ധർ സ്ഥലത്തുനിന്നും ശേഖരിച്ച വിവരങ്ങളുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫലം കിട്ടിയാൽ യഥാർത്ഥ വസ്തുത വെളിപ്പെടുമെന്നും എസ്എച്ച്ഒ പി.കെ.ദാസ് പറഞ്ഞു. ദേവിമാർക് ചാർത്താനായി സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ്ണമാലയും നാല് താലികളും അഞ്ച് പൊട്ടുകളും 1750 രൂപയും ബ്ലൂടൂത്ത് സ്പീക്കറുമാണ് നഷ്ടപ്പെട്ടിരുന്നത്.
ക്ഷേത്രഭാരവാഹികളുടെ പരാതിയെ തുടർന്ന് അന്തിക്കാട് പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി, അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നഷ്ടപ്പെട്ടവ തിരികെ കിട്ടിയെന്നുപറഞ്ഞ് ബന്ധപ്പെട്ടവർ സ്റ്റേഷനിലെത്തിയത്.