വെങ്കിടങ്ങ്:എല്ലാ പ്രതികൂല കാലാവസ്ഥകളെയും മറികടന്ന്ഏനാമാവ് വടക്കേ കോഞ്ചിറ കോൾ പടവിൽ അതിജീവനത്തിനായി കർഷകർ പ്രതീക്ഷയോടെ വിത്തിറക്കി. 310 ഏക്കർ വിസ്തൃതിയുള്ള വടക്കേ കോഞ്ചിറ കോൾ പടവിൽ ഉമ വിത്ത് ഉപയോഗിച്ചാണ് ഇത്തവണ കൃഷിയിറക്കുന്നത്.
ഒരു മാസം മുമ്പ് അത്തം ഞാറ്റുവേലയിൽ കൃഷിയിറക്കാനാണ് പടവ് കമ്മിറ്റി തീരുമാനിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ മഴയും പുറം ചാലിൽ വെള്ളം ഉയർന്നതും കുളവാഴയും ചണ്ടിയും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയതും മൂലം പടവിലെ വെള്ളം വറ്റിക്കാൻ കഴിയാതെ വന്നതോടെയാണ് ഇത്തവണ കൃഷിയിറക്കാൻ വൈകിയത്. പടവ് കമ്മറ്റി പ്രസിഡണ്ട് ടി വി ഹരിദാസൻ വിത്തെറിഞ്ഞ് കോൾ പടവിലെ വിത ഉത്സവം ഉദ്ഘാടനം ചെയ്തു.
പടവിലെ നാല് മേഖലകളിലും എട്ട് ദിവസം കൊണ്ട് വിത പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വൈസ് പ്രസിഡണ്ട് ഹാരിസ് ഹാജി അദ്ധ്യക്ഷനായി. ഹരി മഞ്ചറമ്പത്ത്, ബിജോയ് പെരുമാട്ടിൽ, രവി അമ്പാട്ട്, കുഞ്ഞിബാവു ഹാജി, ഷൈല അബൂബക്കർ, കെ എസ് മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.