തൃപ്രയാർ : ശ്രീദേവിക്ക് ബൈത്തുന്നൂർ പദ്ധതിയിൽ വീടൊരുക്കി നാട്ടിക മഹല്ല് കമ്മിറ്റി.സാമ്പത്തിക പ്രാരാബ്ധങ്ങളാൽ വീട് നിർമിക്കാൻ കഴിയാത്ത നാട്ടിക മഹല്ല് നിവാസികൾക്ക് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകുന്നതിന് യു.എ.ഇ നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മറ്റി രൂപംകൊടുത്ത പദ്ധതിയാണ് ബൈത്തുന്നൂർ. ഈ പദ്ധതിയിൽ 6 പേർക്ക് വീട് നിർമിച്ചു നൽകി.
നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വെള്ളാഞ്ചേരി റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഏഴാമത്തെ ബൈത്തുന്നൂറിന്റെ ഗൃഹപ്രവേശം നാളെ വൈകീട്ട് നാലിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ശ്രീദേവി ഷണ്‍മുഖനാണ്ഏഴാമത്തെ ഭവനം നിര്‍മിച്ചു നല്‍കുന്നത്. 8 ലക്ഷം രൂപ ചെലവിൽ 590 ചതുരശ്ര അടി വിസ്തൃതിയിലാണ് വീട് ഒരുക്കിയിട്ടുള്ളത്.
മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിക്കും. ടി.എന്‍ പ്രതാപന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ദിനേശന്‍, നാട്ടിക ജുമാമസ്ജിദ് ഖത്വീബ് കബീര്‍ ഫൈസി ചെറുകോട്, അസി. ഖത്വീബ് നൂറുദ്ദീന്‍ യമാനിതുടങ്ങിയവർ പങ്കെടുക്കുമെന്ന് മഹല്ല് സെക്രട്ടറി കെ.എ ഷൗക്കത്തലി അറിയിച്ചു.