തൃശ്ശൂർ: ഓൺലൈൻ തട്ടിപ്പിലൂടെ അരക്കോടിയോളം രൂപ തട്ടിയെടുത്ത തൃശ്ശൂർ ചിറക്കൽ സ്വദേശി അറസ്റ്റിൽ. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നിന്ന് വ്യക്തിഗത ലോണുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരിചയപ്പെടുത്തി പിന്നീട് ഫോണിലേക്ക് വിളിച്ച് ഫോണിലേക്ക് വന്ന ഒട്ടിപി കരസ്ഥമാക്കി അറുപതോളം ആളുകളിൽ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത തൃശ്ശൂർ ചിറക്കൽ സ്വദേശി കടവിൽ വീട്ടിൽ കാർത്തിക് (28 വയസ്സ്) എന്നയാളാണ് തൃശ്ശൂർ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക് ഐപിഎസ്ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ പോലീസും, ചാവക്കാട് പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിക്കെതിരെ തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി പരാതികൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻഐപിഎസ്ന്റെ നിർദ്ദേശാനുസരണം ഗുരുവായൂർ എസിപി സുരേഷ്, ചാവക്കാട് ഇൻസ്പെക്ടർ വിപിൻ.കെ.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ തൃശ്ശൂർ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എഎസ്ഐ ടി.വി. ജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്, ശരത്, ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.