കാഞ്ഞാണി: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കാഞ്ഞാണി പാലകഴയോട് ചേർന്നുള്ള ഹൈലെവൽ കനാൽ ബണ്ട് പൊട്ടിച്ച് വെള്ളം തുറന്ന് വിട്ടു.അന്തിക്കാട് കോൾ പാടശേഖര കമ്മിറ്റിയുടെയും കാഞ്ഞാം കോൾ കമ്മിറ്റിയുടെയും പ്രതിനിധികളുമായി ജില്ലാ കലക്ടർ നടത്തിയ ചർച്ചയുടെ തീരുമാനമനുസരിച്ചാണ് ബണ്ട് പൊട്ടിച്ചത്.
ഹൈലെവൽ കനാൽ ബണ്ട്പൊട്ടിച്ച് അധികജലം ഒഴുക്കിവിടാനാരംഭിച്ചതോടെ അന്തിക്കാട് കോൾ പാടശേഖരത്തിലേയുൾപ്പടെ 2000 ഏക്കർ വരുന്ന പാടശേഖരത്തിലെ കൃഷിക്കാർക്ക് ഏറെ ആശ്വാസമായി. കെഎൽഡിസി ഉദ്യോഗസ്ഥരുടെയും പോലീസിൻ്റെയും ജനപ്രതിനിധികളുടെയും സാനിധ്യത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കഴ പൊട്ടിച്ച് വെള്ളം ഒഴുക്കാനാരംഭിച്ചത്.
അന്തിക്കാട് പാടശേഖര സമിതി പ്രസിഡൻ്റ് ഇ.ജി.ഗോപാലകൃഷ്ണൻ, സെക്രട്ടറി സെബിൻ തട്ടിൽ, സുധീർ പാടൂർ, ശരത്ത് വട്ടപറമ്പത്ത്,അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി രാമൻ, വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, സിപിഎം ലോക്കൽ സെക്രട്ടറി എ.വി.ശ്രീവത്സൻ,കെ.വി.രാജേഷ് എന്നിവർ നേതൃത്വം നൽകി.