പെരിങ്ങോട്ടുകര: റോഡാകെ കുഴി, ദുരിതം ഇരട്ടിയാക്കി ഇപ്പോൾ വഴിവിളക്കുകളും കത്തുന്നില്ല. ഇതാണ് താന്ന്യം പഞ്ചായത്തിലെ ഇപ്പോഴത്തെ അവസ്ഥ. കുടിവെള്ള പദ്ധതികളുടെ പൈപ്പിടൽ മൂലവും, കാലങ്ങളായി പുനരുദ്ധരിക്കാത്തതിനാലും ഒട്ടുമിക്ക റോഡുകളും തകർന്നു.
ഇതിനിടയിലാണ് വ്യാപകമായി വഴിവിളക്കുകൾ കണ്ണടച്ചത്. പ്രധാനറോഡുകളിലും ഉൾപ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കരാറുകാർക്ക് പണം യഥാസമയം നൽകാത്തതാണ് വിളക്കുകൾ കത്താത്തതിന്റെ കാരണമായി പറയുന്നത്.
സമീപത്തെ പഞ്ചായത്തുകളിൽ പലതും വൈദ്യുതി ഉപഭോഗവും പരിപാലനചിലവും കുറഞ്ഞ എൽ.ഇ.ഡി. സംവിധാനത്തിലേക്ക് മാറിയപ്പോഴും താന്ന്യത്ത് ഇപ്പോഴും പഴയരീതിയിലുള്ള ലൈറ്റുകളാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. പെരിങ്ങോട്ടുകര സോമശേഖര നഗർ മുതൽ കിഴുപ്പിള്ളിക്കര വരെ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത ഒരു റോഡല്ലാതെ ഗതാഗതയോഗ്യമായ മറ്റൊരു റോഡ് താന്ന്യം പഞ്ചായത്തിലില്ല. പൊതുമരാമത്ത് വഴികളും ഗ്രാമീണ റോഡുകളുമെല്ലാം താറുമാറാണ്. പെരിങ്ങോട്ടുകര മൂന്നുംകൂടിയ സെന്ററിന് കിഴക്ക് പ്രധാനറോഡിൽ വളവിനോട് ചേർന്ന് വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറയുന്നതോടെ അപകടങ്ങളും പതിവാണ്.
റോഡിലെ കുഴിയിൽ വീണ് കാൽനടക്കാരനായ യുവാവിന് പരിക്കേറ്റു. താന്ന്യം തെക്ക് മരോട്ടിപ്പറമ്പിൽ ആന്റണി (48)ക്കാണ് സാരമായി പരിക്കേറ്റത്. പെരിങ്ങോട്ടുകര മൂന്നുംകൂടിയ സെന്ററിന് വടക്കുഭാഗത്ത് കുടുംബശ്രീ ഹോട്ടലിന് സമീപത്തുവെച്ച്
ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വഴി വിളക്കില്ലാത്ത റോഡിന്റെ അരികിലൂടെ നടന്നുവരുന്നതിനിടെ റോഡിലെ വലിയ കുഴിയിൽ കാലുടക്കി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. കൈയുടെ എല്ലിന് പൊട്ടലുണ്ട്, കാലിനും പരിക്കേറ്റു. പ്രവാസിയായ ആന്റണി അടുത്ത ദിവസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര മൂന്നുംകൂടിയ സെന്റർ മുതൽ വടക്കോട്ട് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.