അരിമ്പൂർ: മനക്കൊടി – പുള്ള് റോഡിനോട് ചേർന്ന് കിടക്കുന്ന വാരിയം കോൾ പടവിലെ 117 ഏക്കർ കൃഷിയിറക്കൽ അനിശ്ചിതത്വത്തിൽ. പൊതുമരാമത്ത് വകുപ്പിൻ്റെ മനക്കൊടി – പുള്ള് റോഡിൽ 800 മീറ്റർ ദൂരത്തിൽ പൂർണമായും തകർന്ന നിലയിലാണ്.
കൂടാതെ ഒന്നരമീറ്റർ റോഡ് ലെവലിനേക്കാൾ താഴ്ന്നാണ് കിടക്കുന്നത്. ഇത് മൂലം ഇറിഗേഷൻ ചാലിൽ നിന്ന് വെള്ളം റോഡിലൂടെ ഒഴുകി കോൾ പാടശേഖരത്തിലേക്ക് കടക്കുകയാണ്. രണ്ടാം മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ള പടവിൽ നിന്ന് ഒക്ടോബർ ഒന്നുമുതൽ വെള്ളം പമ്പ് ചെയ്യേണ്ടിയിരുന്നതാണ്. കോൾ പടവിലെ വെള്ളത്തിനേക്കാൾ ഉയരത്തിലാണ് ചാലിലെ വെള്ളമെന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം ചാലിലേക്ക് കയറ്റാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇടയ്ക്കിടെ കനത്ത മഴ
പെയ്യുന്നത് മൂലം ഇക്കുറി കൃഷിയിറക്കൽ നടക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. വാരിയംകോൾ പടവിനോട് ചേർന്നുള്ള റോഡിലെ 800 മീറ്റർ ദൂരത്തിൽ കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡ് ഉയർത്തി കിട്ടിയാൽ മാത്രമെ വരും കാലങ്ങളിൽ പടവിലെ കൃഷി നിശ്ചിതസമയത്ത് ഇറക്കാൻ കഴിയുകയുള്ളൂവെന്ന് വാർഡ് അംഗവും കേരള കർഷകസംഘം അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറിയുമായ കെ.രാഗേഷ് പറഞ്ഞു. അരിമ്പൂർ പഞ്ചായത്തിലെ മനക്കൊടി വെളുത്തൂർ അകമ്പാടം, അഞ്ചു മുറി, കൃഷ്ണൻ കോട്ട, കരാട്ടേ കോൾ പടവ്, കൈപ്പിള്ളി വെളുത്തൂർ അകമ്പാടം, ആറുമുറി, രജമുട്ട് എന്നിങ്ങിനെ ഭൂരിഭാഗം കോൾ പടവുകളിലും ഇതിനകം കൃഷിയിറക്കിക്കൽ കഴിഞ്ഞുവെന്നിരിക്കേയാണ് വാരിയം കോൾ പടവിൽ വെള്ളം വറ്റിക്കാൻ പോലും സാധിക്കാതെ വന്നിരിക്കുന്നതെന്നും കെ.രാഗേഷ് പറഞ്ഞു.