പെരിങ്ങോട്ടുകര: അന്തരിച്ച കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ പാറേക്കാട്ടിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി അനില്‍ പാറേക്കാട്ട് അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമ നവാഗത സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് കഥാകൃത്ത് യു.എസ്. ശ്രീശോഭ് അര്‍ഹനായതായി സമിതി കണ്‍വീനര്‍ അജയഘോഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എ.യു. രഘുരാമപണിക്കര്‍ രക്ഷാധികാരിയായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 5001 രൂപയും ഫലകവുമാണ് പുരസ്‌കാരം. മാധ്യമപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീശോഭിന്റെ കഥകള്‍ സമകാലത്തോട് സംവദിക്കുന്നതാണ്. യാഥാര്‍ഥ്യവുമായി ഇഴയടുപ്പമുള്ളതാണ് ഭാഷ. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ശ്രീശോഭ് തൃശൂര്‍ എരവിമംഗലത്താണ് താമസം. എം.എ ജേര്‍ണലിസം, എല്‍.എല്‍.ബി ബിരുദധാരിയാണ്. മാതൃഭൂമി പത്രത്തില്‍ റിപ്പോര്‍ട്ടറാണ്. 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് ഹാളില്‍ ചേരുന്ന അനില്‍ പാറേക്കാട്ട് അനുസ്മരണത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍ പുരസ്‌കാരം സമ്മാനിക്കും. നാടകകലാകാരന്‍ വി.ഡി. പ്രേംപ്രസാദ് അധ്യക്ഷത വഹിക്കും.അനില്‍ പാറേക്കാട്ട് അനുസ്മരണം മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. അനിലിന്റെ കൃതി ‘പൂമ്പാറ്റകളുടെ പ്രഭാതം’ കഥാകാരന്‍ ഇ. സന്തോഷ് കുമാര്‍ കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് നല്‍കി പ്രകാശനം ചെയ്യും. പ്രമുഖര്‍ ഓര്‍മകള്‍ പങ്കുവയ്ക്കും. അനിലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. തുടര്‍ന്ന് ഗാനസന്ധ്യ ഉണ്ടാകും.വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണരാജ് ഭട്ടതിരിപ്പാട്, സന്തോഷ് തലാപ്പിള്ളി, ഇ.പി. കാര്‍ത്തികേയന്‍ പങ്കെടുത്തു.