News One Thrissur

Anthikad

വെള്ളക്കെട്ട് ഒഴിവാക്കാത്തതു മൂലം കൃഷി ഇറക്കാനാകുന്നില്ല: അന്തിക്കാട്ടെ കോൾ കർഷകർ കെഎൽഡിസി ഓഫീസ് ഉപരോധിച്ചു

അന്തിക്കാട് : വെള്ളക്കെട്ട് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാരോപിച്ച് അന്തിക്കാട്ടെ കോൾ കർഷകർ കെഎൽഡിസി ഓഫീസ് ഉപരോധിച്ചു. അന്തിക്കാട് കോൾ അന്തിക്കാട് കോൾ പാടശേഖര കമ്മിറ്റിയും വിവിധ പടവുകളായ വള്ളൂർ താഴം, പരപ്പൻ ചാല്, കോവിലകം എന്നിവടങ്ങളിലെ കർഷകരും നാട്ടുകാരുമാണ് പ്രശ്നത്തിന് പരിഹാരം തേടി മണിക്കൂറുകളോളം കെഎൽഡിസി ഉദ്യോഗസ്ഥരെ ഉപരോധിച്ചത്.

ഹൈലെവൽ കനാൽ നിർമാണത്തിന്റെ ഭാഗമായി ബണ്ട് വന്നതോടെ 2000 ഏക്കർ വരുന്ന അന്തിക്കാട് കോൾ പാടശേഖരത്തിൽ ഡാമിന് സമാനമായ രീതിയിൽ വെള്ളം കെട്ടികിടക്കുന്ന സാഹചര്യമാണ്. മണലൂർ, അന്തിക്കാട്, ചാഴൂർ, താന്ന്യം, പാറളം എന്നീ പ്രദേശങ്ങളിലെ കരവെള്ളവും വ്യാപകമായി ഒഴുകിയെത്തുന്നത് ഈ പാടശേഖരത്തിലേക്കാണ്. പടവിൽ കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കി കളയുന്നതിന് കെ എൽ ഡി സി കെട്ടിയ ഹൈലെവൽ കനാൽ ബണ്ട് പൊളിക്കുന്നതിനായി കർഷകർ നിവേദനം നൽകുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ കെ എൽ ഡി സി യിലെ ഉദ്യോഗസ്ഥർ ബണ്ട് പൊളിക്കാൻ നാളിതുവരെയായിട്ടും തയാറായില്ല.

കൂടാതെ പാലക്കഴയിലൂടെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനായി സ്ഥാപിച്ച സ്ലൂയിസുകൾ ചില സ്വാർഥ താൽപര്യക്കാരുടെ നിർബന്ധത്തിന് വഴങ്ങി യഥാസ്ഥാനത്തല്ല നിർമിച്ചതെന്നും കർഷകർ കുറ്റപ്പെടുത്തി. സ്ലൂയിസുകൾ നിർമ്മിച്ചത് യഥാസ്ഥാനത്ത് അല്ലാത്തിനാൽ തുറക്കാനും അടക്കാനും കഴിയുന്നില്ല. ഇതേ തുടർന്നാണ് കർഷകർ ബണ്ട് പൊട്ടിക്കണമെന്ന ആവശ്യവുംമായി രംഗത്തെത്തിയത്. കെ എൽ ഡി സിയിലെ അസി. എൻജിനിയർ അഖിൽ, പ്രോജക്റ്റ് എൻജിനിയർ എന്നിവരുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ ഒൻപതിന് സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ കർഷകർ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

മുൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ, അന്തിക്കാട് പാശേഖര പ്രസിഡന്റ് ഇ ജി ഗോപാലകൃഷ്ണൻ, സെക്രട്ടറി സെബിൻ തട്ടിൽ, ട്രഷറർ സുധീർ പാടുർ, പരപ്പൻചാൽ കമ്മിറ്റി സെക്രട്ടറി എൻ ടി ഷജിൽ, വള്ളുർതാഴം സെക്രട്ടറി രവി അടിയാറ തുടങ്ങിയവരും ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Related posts

വിദ്യാർത്ഥികളുമായി പോയ അന്തിക്കാട് ഹൈസ്‌കൂളിന്റെ ബസ്, വാട്ടർ അതോറിറ്റിയുടെ കാനയിൽ താഴ്ന്നു.

Sudheer K

റെന്റിനെടുത്ത മിനി ലോറി പണയം വച്ച് തട്ടിപ്പ് : പ്രതി പിടിയിൽ

Sudheer K

വീട്ടു നികുതി വർദ്ധനവ്: അന്തിക്കാട്ട് ബിജെപി പ്രതിഷേധ സായാഹ്ന ധർണ്ണ.

Sudheer K

Leave a Comment

error: Content is protected !!