എടമുട്ടം: ആൽഫാ ചെയർമാൻ കെ.എം. നൂർദീനെ കാറിടിപ്പിക്കാൻ ശ്രമം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പാലപ്പെട്ടിയിലെ അദ്ദേഹത്തിൻ്റെ വീടിനു മുന്നിലാണ് സംഭവം. ദേശീയ പാതയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച ശേഷം ഓടിച്ചു പോകാൻ ശ്രമിച്ച കാർ നൂർദീൻ ഇടപെട്ട് തടഞ്ഞതോടെയാണ് കാർ ഇദ്ദേഹത്തിൻ്റെ ദേഹത്ത് ഇടിപ്പിക്കാൻ ശ്രമമുണ്ടായത്.
തിരുവനന്തപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വീട്ടിൽ നിൽക്കുകയായിരുന്ന താൻ റോഡിലെ ശബ്ദം കേട്ടാണ് ഓടി വന്നതെന്ന് നൂർദ്ദീൻ പറഞ്ഞു. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ ആശുപത്രിലാക്കാൻ ശ്രമിക്കാതെ കാർ ഓടിച്ചു പോകാൻ ശ്രമിച്ചപ്പോഴാണ് താൻ കാറിന് മുന്നിൽ നിന്ന് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കാർ നൂർദീൻ്റെ ദേഹത്ത് മുട്ടിച്ച ശേഷം ഇദ്ദേഹത്തെ അസഭ്യവും പറയുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ കയ്പമംഗലം പോലീസ് കാറും യാത്രക്കാരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.