കൊടുങ്ങല്ലൂർ : ദേശിയ പാത ആറുവരി പാത നിർമ്മാണത്തിനിടെ ആല പൊരി ബസാറിൽ ജല അതോറിറ്റി പൈപ്പ് പൊട്ടി. നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സ്ഥലത്തു രണ്ട് ആഴ്ചയിലേറെയായി പൈപ്പിൽ നിന്നും വെള്ളം പോകുന്നത് നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, ആരും തിരിഞ്ഞു നോക്കിയില്ല.
കഴിഞ്ഞദിവസം മണ്ണുമാന്തി ഉപയോഗിച്ചു മണ്ണു മാന്തുന്നതിനു ഇടയിലാണ് പൈപ്പ് പൂർണമായും പൊട്ടിയത്. ഇതോടെ ഈ പ്രദേശത്തേക്കുള്ള ശുദ്ധജല വിതരണം മുടങ്ങി.
ജല അതോറിറ്റി മതിലകം ടാങ്കിൽ നിന്നു ശ്രീനാരായണപുരം പഞ്ചായത്തിന്റെ തെക്കൻ മേഖലയിലേക്കുള്ള പൈപ്പ് ആണ് പൊട്ടിയത്.കനോലി കനാലിന്റെ തീരത്തേക്കുള്ള ശുദ്ധജലവിതരണം പൂർണമായും മുടങ്ങി ആല ഗോതുരുത്ത്, കോതപറമ്പ്, പൊരി ബസാർ കിഴക്കുഭാഗം എന്നിവിടങ്ങളിൽ വെള്ളം എത്തുന്നില്ല.
പതിവായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രേദേശമാണ് ആല ഗോതുരുത്ത്, കോതപറമ്പ് എന്നിവ. പഞ്ചായത്ത് അംഗങ്ങളായ സുബീഷ് ചെത്തിപ്പാടത്ത്, രാജു പടിക്കൽ എന്നിവർ ഇന്നലെ കളക്ടർക്കു നിവേദനം നൽകി. മാസങ്ങൾക്കു മുൻപ് ചന്തപ്പുരയിലും പടാകുളം സിഗ്നൽ ജംഗ്ഷനിലും പൈപ്പ് പൊട്ടിയിരുന്നു.