അന്തിക്കാട്: പുത്തൻപീടിക സെന്റ് ആൻ്റണീസ് പള്ളിയിലെ അത്ഭുത പ്രവർത്തകയായ പരിശുദ്ധ മംഗള മാതാവിന്റെ അഖണ്ഡ ജപമാല ആരംഭിച്ചതിൻ്റെ 23ാം വാർഷികവും പത്തൊമ്പതാമത് ഊട്ടുതിരുനാളും ഈ മാസം 29 ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒക്ടോബർ 20 ന് വൈകീട്ട് ആറിന് തിരുനാൾ കൊടിയേറ്റം നടക്കും. തിരുനാൾ ദിനത്തിൽ രാവിലെ തൃശൂർ അതിരൂപത വികാരി ജനറൽ റവ. ഫാ. മോൺ: ജോസ് കോനിക്കര ആഘോഷ പാട്ടു കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ച ഊട്ട് ആരംഭിക്കും. അന്നേദിവസം വൈകിട്ട് വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, പ്രദക്ഷിണം എന്നിവ ഉണ്ടാകും.
വികാരി റവ.ഫാ ജോസഫ് മുരിങ്ങാത്തേരി, അസി. വികാരി ഫാ. ജെറിൻ കുരിയളാനിക്കൽ, ആന്റോ തൊറയൻ, ഷാജു മാളിയേക്കൽ, ലൂയീസ് താണിക്കൽ, ഫ്രാങ്കോ ജേക്കബ്ബ് കുരുതുകുളങ്ങര തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.