മുല്ലശ്ശേരി: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിൻ്റെ ഭാഗമായി മണലൂർ മണ്ഡലം തല നവകേരള സദസ്സ് ഡിസംബര്‍ 5 ന് രാവിലെ 11ന് പാവറട്ടിയിൽ നടക്കും. സദസിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ .ബിന്ദു, ടി.എന്‍.പ്രതാപന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്. തുടങ്ങിയവര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ജില്ലാ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും. മുരളി പെരുനെല്ലി എംഎല്‍എയെ ചെയര്‍മാനായും തദ്ദേശ സ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗനെ മണ്ഡലം കോര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു. സംഘാടനത്തിനായി 12 സബ് കമ്മിറ്റികളും രൂപീകരിച്ചു. പാവറട്ടി സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സദസ്സിനുള്ള വേദിയൊരുക്കാനും യോഗത്തില്‍ തീരുമാനമായി.
നവകേരള സദസ്സിനോടനുബന്ധിച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ സംഘാടക സമിതി രൂപീകരിക്കണമെന്നും എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ശുചിത്വ പ്രതിജ്ഞയും എംഎല്‍എ ചൊല്ലി കൊടുത്തു.
വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ഈ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും ചില കേന്ദ്രങ്ങളില്‍ പ്രഭാത യോഗങ്ങളില്‍ കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നവകേരള സദസ്സുമാണ് നടത്തുന്നത്.
മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് അംഗങളായ വി.എന്‍.സുര്‍ജിത്ത്, ബെന്നി ആൻ്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലത വേണുഗോപാല്‍, കെ.സി.പ്രസാദ്, കെ.കെ.ശശിധരന്‍. പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി ജയരാജന്‍, എം.എം.റജീന, ജിയോ ഫോക്‌സ്, ചാന്ദ്‌നി വേണു, സൈമണ്‍ തെക്കത്ത്, സ്മിത അജയകുമാര്‍. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.