പെരിങ്ങോട്ടുകര: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി സിപിഐ യിലെ സിന്ധു ശിവദാസിനെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു. എൽഡിഎഫ് ധാരണ പ്രകാരം സിപിഐഎം ലെ വൈസ് പ്രസിഡൻ്റായിരുന്ന ടി.ബി. മായ രാജിവെച്ച ഒഴിവിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.
എതിർ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. പാലാഴി ഡിവിഷനെയാണ് സിന്ധു ശിവദാസ് പ്രതിനിധികരിക്കുന്നത്. ദാരിദ്ര ലഘുകരണ വിഭാഗം
പ്രൊജക്റ്റ് ഡയറക്റ്റർ സെറീന റഹ്മാൻ വരണാധികാരിയായിരുന്നു. 13 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 11 ഉം യുഡിഎഫിന് രണ്ടും അംഗങ്ങളാണുള്ളത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന അനുമോദന യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ, നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, എൽഡിഎഫ് കൺവീനർ കെ.എം. ജയദേവൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി രാമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് സി.കെ. കൃഷ്ണകുമാർ,
മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന സേവിയർ, വി.വി.സജീന്ദ്രൻ, എം.ആർ. മോഹനൻ, പി.ബി. ജോഷി, ഗിരീഷ്, ബ്ലോക്ക് സെക്രട്ടറി സി. സുഷ്മ എന്നിവർ സംസാരിച്ചു.