അരിമ്പൂർ: അരിമ്പൂരിൽ തമിഴ് നാട്ടുകാരനായ ആക്രിക്കച്ചവടക്കാരൻ കൊലചെയ്യപ്പെട്ട കേസിൽ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കുളത്തിൽ നിന്ന് പോലീസിന് മുങ്ങിയെടുത്തു നൽകിയ സഹോദരന്മാരെ ബിജെപി ആദരിച്ചു.
അരിമ്പൂർ പാറക്കുളത്തിന് സമീപം താമസിക്കുന്ന അമ്പലത്ത് കുട്ടന്റെ മക്കളായ
സന്തോഷ്, കണ്ണൻ എന്നിവരെയാണ് ബിജെപി പാലക്കാട് മേഖല സെക്രട്ടറി സുധീഷ് മേനോത്തുപറമ്പിലിന്റെ നേതൃത്വത്തിൽ ആദരിച്ചത്.
കഴിഞ്ഞ മാസം 17 ന് ഞായറാഴ്ച്ച രാവിലെയാണ് കടലൂർ സ്വദേശി ആദിത്യൻ (41) നെ അരിമ്പൂരിൽ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ് നാട് കാട്ടുമന്ന കോവിലിൽ കാട്ടുമന്നാർകുടി അറുമുഖത്തിൻ്റെ മകൻ കടലൂർ സ്വദേശി ആദിത്യനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
അന്വേഷണത്തിന്റെ പത്താം നാളിലാണ് പ്രതികൾ വലയിലാകുന്നത്. തമിഴ്നാട് സ്വദേശികളായ താമോദരൻ, ഷണ്മുഖൻ എന്നിവരെയാണ് അന്തിക്കാട് പോലീസിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തുടർന്ന് പ്രതികളുമായി തെളിവെടുപ്പിനെത്തിയപ്പോൾ സന്തോഷും കണ്ണനും കുളത്തിലിറങ്ങിയാണ് കൊലക്ക് ഉപയോഗിച്ച കത്തിയും വെട്ടുകത്തിയും കണ്ടെടുത്ത് നൽകിയത്.
ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. മുരളിധരൻ, കൃഷ്ണകുമാർ എറവ്, സുനിൽ കൈപ്പിള്ളി, എ. സതീഷ്, രാജേഷ് പൂക്കാടൻ, പ്രദീപ് മാടമ്പത്ത്, മോഹനൻ കൈപ്പിള്ളി എന്നിവരും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.