വെങ്കിങ്ങ്:നാടിൻ്റെ പാട്ടുകാരൻ രാജേഷ് കരുവന്തലയുടെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തേ ആറടി മണ്ണിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച്ച ഉച്ചക്ക് 1.45 ഓടെ സംസ്ക്കരിച്ചു. 12.15 ഓടെയാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് വീട്ട് മുറ്റത്ത് എത്തിയത്.ഈ സമയംഅമ്മ സീമന്തിനിയും ഭാര്യ ലത, മക്കളായ ആഘോഷ്, ആമ്പൽ എന്നിവരോടൊപ്പം ജന്മം നാടും തേങ്ങി തളർന്നു.
രാജേഷിനെ ഇഷ്ടപ്പെടുന്ന ആയിരങ്ങളാണ് ഒരു നോക്ക് കാണാൻവീട്ടുമുറ്റത്തും റോഡിലുമായി തടിച്ച് കൂടിയത്. ഉച്ചക്ക് 1.30 വരെ വീട്ട് മുറ്റത്ത് പൊതുദർശനത്തിന് വെച്ചു.രാജേഷിൻ്റെ മക്കൾ പഠിക്കുന്ന ഏനാമാക്കൽ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോൾ
സഹപാഠികളുടെ വിങ്ങൽ തേങ്ങലായി മാറുന്നുണ്ടായിരുന്നു.
മുരളി പെരുനെല്ലി എം എൽ എ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ചാന്ദിനി വേണു ഉൾപ്പെടെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, നാടൻപാട്ട് കലാകാരൻമാർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.