തൃപ്രയാർ: 24-ാമത് തൃപ്രയാർ നാടകവിരുന്നിന് ഒക്ടോബർ 15ന് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ തുടക്കമാകും. 24ന് സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും. വൈകുന്നേരം ആറരക്ക് മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.
നാടക സംവിധായകനും, നടനും, സംഘാടകനുമായ അന്തരിച്ച വിക്രമൻ നായർ അനുസ്മരണം നാടക രചയിതാവ് ഹേമന്ദ്കുമാർ നിർവ്വഹിക്കും. സി.സി. മുകുന്ദൻ എം.എൽ.എ., പ്രൊഫ. കെ.യു. അരുണൻ, ഗീതാഗോപി, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ എന്നിവർ പങ്കെടുക്കും. ഒന്നാം ദിനമായ 15ന് തിരുവനന്തപുരം അജന്ത തിയ്യറ്റർ ഗ്രൂപ്പിന്റെ മൊഴി, 16ന് അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം, 17ന് തിരുവനന്തപുരം സംസ്കൃതിയുടെ ബോധി വൃക്ഷത്തണലിൽ, 18ന് ആലപ്പുഴ ഭരത് കമ്മ്യൂണിക്കേഷൻസിന്റെ വീട്ടമ്മ, 19ന് കോട്ടയം സുരഭിയുടെ കാന്തം, 20ന്
തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, 21ന് തിരുവനന്തപുരം അക്ഷരകലയുടെ കുചേലൻ, 22ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, 23ന് തിരുവനന്തപുരം സൗപർണ്ണികയുടെ മണികർണ്ണിക, 24ന് കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ശാന്തം എന്നിവയാണ് അവതരിപ്പിക്കുക. വാർത്ത സമ്മേളനത്തിൽ സംഘാടകരായ ഉണ്ണികൃഷ്ണൻ താഷ്ണാത്ത്, ജി.കെ. ഗോപാലകൃഷ്ണൻ , കെ.വി.രാമകൃഷ്ണൻ, സുദേവൻ വേളയിൽ, ദീപ്തി ബിമൽ എന്നിവർ പങ്കെടുത്തു.