ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിന് 10.56 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്.
എൻ.കെ. അക്ബർ എംഎൽഎ യുടെ നിരന്തര ആവശ്യപ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സൗകര്യങ്ങളുൾപ്പെടുത്തി നാല് നിലയിലുള്ള പുതിയ കെട്ടിടം വരുന്നതോടെ ചാവക്കാട് താലൂക്ക് ആശുപത്രി വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടം സമയ ബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.