ചേർപ്പ്: ബൈക്കിൽ പിൻതുടർന്ന് സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവത്തിൽ സൈക്കോ ഷാരോൺ എന്ന തേലപ്പിള്ളി സ്വദേശി ഷാരോണിനെ (23 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ചേർപ്പ് ഇൻസ്പെക്ടർ എം.പി.സന്ദീപ്, എസ്.ഐ. എസ്.ശ്രീലാൽ എന്നിവർ അറസ്റ്റു ചെയ്തത്.
സ്കൂട്ടറിലും കാൽനടയാത്രക്കാരികളുമായ സ്ത്രീകളെയാണ് ഇയാൾ ബൈക്കിൽ പിൻതുടന്ന് വിജനമായ സ്ഥലങ്ങളിലെത്തുമ്പോൾ ഉപദ്രവിക്കുന്നത്. സ്ത്രീകളെ കയറിപ്പിടിച്ച് ബൈക്ക് വേഗത്തിൽ ഓടിച്ചു പോകുന്നതായിരുന്ന ഇയാളുടെ രീതി. വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ടു സ്ത്രീകളുടെ പരാതിയിലുള്ള കേസ്സുകളിലാണ് ഇയാൾ അറസ്റ്റിലായത്.
ഊരകത്തും ആറാട്ടുപുഴ ഭാഗത്താണ് സമാനമായ സംഭവങ്ങൾ ഉണ്ടായത്. കുറച്ചു ദിവസങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങളെത്തുടർന്ന് പോലീസ് മഫ്തിയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കറുത്ത വസ്ത്രങ്ങളണിഞ്ഞും ആളെത്തിരിച്ചറിയാതിരിക്കാനുള്ള വേഷവിധാനങ്ങളോടെയാണ് ഇയാൾ കൃത്യത്തിനായി ഇറങ്ങിയിരുന്നത്.
പരാതിക്കാരിൽ നിന്ന് വ്യക്തമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞും മുൻ കേസ്സുകളിൽപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.. 2019 ൽ ഇരിങ്ങാലക്കുടയിൽ വീട് കയറി ആക്രമിച്ച കേസ്സിൽ പ്രതിയാണ് അറസ്റ്റിലായ ഷാരോൺ.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ മാരായ പി.ബസന്ത്, അജയഘോഷ്,സീനിയർ സി.പി.ഒ മാരായ പി.എ.സരസപ്പൻ, എൻ.സുധീഷ്, സി.പി.ഒ മാരായ പി.കെ.രാജേഷ്, എം.യു.ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.