തൃശ്ശൂര്‍: തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍റിലുള്ള സന, സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്, മണ്ണൂത്തി മയൂര ഇന്‍ എന്നീ
ഹോട്ടലുകളില്‍ നിന്നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചത്.
ഹോട്ടല്‍ സനയില്‍ നിന്ന് പഴകിയ പൊറോട്ട, ചപ്പാത്തി, കോളി ഫ്ളവർ, പഴകിയ ബീൻസ് എന്നിവയാണ് പിടികൂടിയത്. ഈ ഹോട്ടലിലെ അടുക്കള വൃത്തിഹീനമാണെന്നും പരിശോധനയില്‍ കണ്ടെത്തി.
വൈറ്റ് പാലസില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത രണ്ടു കിലോ ഇറച്ചിയും ഉപയോഗശൂന്യമായ പുഴുങ്ങിയ മുട്ടയും പിടികൂടി. മയൂര ഇന്നില്‍ നിന്ന് പഴകിയതും ഉപയോഗശൂന്യവുമായ ബിരിയാണി റൈസ്, പഴകിയ മാംസം ഒരു കിലോ എന്നിവയാണ് കണ്ടെത്തിയത്.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു