തൃശൂർ: അയ്യന്തോൾ മോഡൽ റോഡിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പിറകിൽ പോലീസ് ബസ് ഇടിച്ച് 25 ഓളം പേർക്ക് പരിക്ക്.
രാവിലെ 10 45 ഓടെ. അയ്യന്തോൾ മോഡൽ റോഡിൽ അമർജവാൻ ജ്യോതിക്ക് സമീപം വെച്ചാണ് അപകടം.
പടിഞ്ഞാറെ കോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് ഒരു സംഘടന നടത്തിയ പ്രകടനത്തെ തുടർന്ന് ഒരു വശത്തേക്ക് മാത്രമായി ഗതാഗതം ക്രമീകരിച്ചിരുന്നു. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ശാസ്ത ലിമിറ്റഡ് സ്റ്റോപ്പ് ബസ് എതിർവശത്ത് നിന്ന് വന്നിരുന്ന ബൈക്കിലിടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തെങ്കിലും ഇടിക്കുകയായിരുന്നു. തുടർന്ന് തൊട്ടുപിറകിൽ വിയ്യൂർ ജയിലിൽ നിന്നും തടവുകാരുമായി കോടതിയിലേക്ക് വന്നിരുന്ന പോലീസ് ബസ് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ബസിന്റെ പിറക് വശത്ത് ഇരുന്നവർക്കും പോലീസ് ബസ്സിലുണ്ടായിരുന്നവർക്കും പരിക്കേറ്റു.
പരിക്കേറ്റവരെ പല വാഹനങ്ങളിലായി തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസിടിച്ച ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ശാസ്ത ബസിന്റെ ഡ്രൈവറും കണ്ടക്ടറും അപകടമുണ്ടായ ബസിൽ നിന്നും ഇറങ്ങി ഓടി. അതേസമയം, അപകടത്തിനിടയാക്കിയ ശാസ്ത ബസ് പടിഞ്ഞാറക്കോട്ടയിൽ ഒരു പെട്ടി ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് നിർത്താതെ ധൃതിയിൽ പോവുകയായിരുന്നുവെന്നും പറയുന്നു.
സ്വകാര്യ ബസിലെ 8 പേരെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും പൊലീസ് ബസിലുണ്ടായിരുന്ന 8 തടവുകാരേയും 9 പൊലീസ്കാരെയും ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.