കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയുടെ കഴുത്തിൽ നിന്നും മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷണം നടത്തിയ കേസിലെ പ്രതികളായ രണ്ട് തമിഴ് സ്ത്രീകൾ അറസ്റ്റിൽ സെപ്റ്റംബർ 17 നാണ് കേസിനാസ്പദമായ സംഭവം.
ക്ഷേത്ര ദർശനത്തിനെത്തിയ തെക്കുംകര പനങ്ങാട്ടുകര പതിയാന വീട്ടിൽ വൽസലയുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന മാല പുഷ്പ്പാഞ്ജലി കൗണ്ടറിൽ നിന്നും പ്രസാദം വാങ്ങുന്ന സമയത്ത് മോഷണം പോയത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികളായ തമിഴ്നാട് വൈഷ്ണവി നഗറിൽ തിരുവള്ളൂർ രതി എന്ന അനുജ ( 34), കലൈ നഗർ ഗൌതമി എന്ന മഹാ (35)എന്നിവർ അറസ്റ്റിലായത്.
കുമരകം പോലീസ് സ്റ്റേഷൻ പരിധിയിൽ ബസിൽ വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊടുങ്ങല്ലൂർ മോഷണക്കേസിൽ ഇവർ പ്രതികളാണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ പോലീസ് ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതികൾ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിൽ, എസ്.ഐ ഹരോൾഡ് ജോർജ്ജ്, അജിതൻ, സി.പി.ഓ മാരായ ഗോപകുമാർ പി.ജി, ജോസഫ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.