ചേർപ്പ്: കോടന്നൂർ തരിശു പടവിൽ കുളവാഴ മൂലം ഒഴുക്ക് തടസ്സപ്പെട്ടതിനാൽ കൃഷി വൈകുന്നു. ഒക്ടോബർ 25-നും, നവംബർ അഞ്ചിനും ഇടയിലാണ് ഈ പടവിൽ കൃഷിയിറക്കാറുള്ളത്.
പുറംചാലിലെ വെള്ളമുയർന്നതിനാൽ പടവിലെ പടിഞ്ഞാറേ ബണ്ടിൽ ഒരടി ഉയരത്തിൽ വെള്ളം ഉയർന്നു. കുളവാഴയും, മറ്റ് തടസ്സങ്ങളും മാറ്റിയില്ലെങ്കിൽ കൃഷിയിറക്കൽ ഇനിയും വൈകും. സെപ്റ്റംബർ 30-ന് ഇറിഗേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ അടിയന്തരമായി ചാലിലെ കുളവാഴയും ചണ്ടിയും മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ശാസ്താംകടവ് ഭാഗത്ത് കുറച്ച് ചണ്ടി മാത്രമാണ് നീക്കുന്നത്. തടസ്സങ്ങൾ അടിയന്തരമായി നീക്കി കർഷകർക്ക് നേരത്തെ കൃഷിയിറക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കോടന്നൂർ കോൾ ഫാമിങ്ങ് സൊസൈറ്റി പ്രസിഡന്റ് പഴോര് അപ്പുക്കുട്ടൻ ആവശ്യപ്പെട്ടു.