അരിമ്പൂർ:സർക്കാർ സേവനങ്ങള്‍ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി കുടുംബശ്രീയുമായി കൈകോർത്ത് ഹെൽപ്പ് ഡെസ്ക് സംരംഭത്തിന് തുടക്കമിട്ട് അരിമ്പൂർ ഗ്രാമപഞ്ചായത്ത്.
വിവിധ ഗവ.ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ ചെറിയ ഫീസ് ഈടാക്കി ജനങ്ങള്‍ക്ക് നല്‍കുന്നതിന് സൗകര്യമൊരുക്കുകയാണ് ഹെൽപ് ഡെസ്ക് ചെയ്യുന്നത്. റോഡ് ട്രാന്‍സ്പോര്‍ട്ട്, റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റുകള്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍, നികുതി അടക്കല്‍, എംപ്ലോയ്മെന്‍റ് സേവനങ്ങള്‍, യൂണിവേഴ്സിറ്റി സേവനങ്ങള്‍, ആധാര്‍ സംബന്ധിച്ച സേവനങ്ങള്‍, ഫോട്ടോസ്റ്റാറ്റ്, ഡി ടി പി തുടങ്ങി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ത്രിതല സംവിധാനത്തില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് ഓൺലൈൻ അപേക്ഷ തയ്യാറാക്കി നല്‍കുക തുടങ്ങിയ സേവനങ്ങള്‍ കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലാണ് ഇവിടെ ലഭ്യമാക്കുന്നത്. അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.ജി.സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്‍റ് സ്മിത അജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ടാണ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനത്തിന് തുടക്കമിട്ടത്.