ചേർപ്പ്: ഭർത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കല്ലുകൊണ്ടിടിച്ച് മുഖത്തെ എല്ല് പൊട്ടിച്ചു. കണ്ണിനു മുകളിലെ എല്ല് പൊട്ടിയ അമ്മാടം മുള്ളക്കര വിപിൻ (40)നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മുള്ളക്കര ആളൂർ ജിയോ(38)യെ ചേർപ്പ് എസ്ഐ എസ്. ശ്രീലാൽ അറസ്റ്റ് ചെയ്തു. ജിയോ വീട്ടിൽ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് അയൽവാസിയായ വിപിന്റെ വീടിനു മുന്നിലേക്ക് ജിയോയുടെ ഭാര്യ ഓടിച്ചെന്നിരുന്നു. ഇതുകണ്ട് വിപിൻ സ്ത്രീയെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് ചോദിച്ചതിന്റെ വിരോധത്താൽ പ്രതി നില ത്തുകിടന്നിരുന്ന കല്ലുകൊണ്ട് വിപിന്റെ ഇടതുകണ്ണിനു മുകളിലായി ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.