കയ്പമംഗലം: മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ചാ ശ്രമം. മൂന്നുപീടികയിലെ പൊന്നറ ജ്വല്ലറിയിലാണ് കവർച്ച ശ്രമമുണ്ടായത്. കടയുടെ പിൻ ഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
കടയിലെ അലമാരയും മറ്റും തുറന്നു സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലാണ്. എന്നാൽ കടയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സേഫ് ലോക്കർ തുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ചതാകുമെന്നാണ് കരുതുന്നത്. ജ്വല്ലറിയിൽ സിസിടിവി കാമറകളോ സെകുരിറ്റി സംവിധാനങ്ങളോ ഇല്ല. സമീപ കടകളുടെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക. കയ്പമംഗലം പോലിസ് സ്ഥലത്ത്
എത്തിയിട്ടുണ്ട്. ഫിംഗർ പ്രിന്റ് വിദഗദ്ധരും, ഡ്വോഗ് സ്ക്വാഡും, ഉയർന്ന പോലിസ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്ത് എത്തി പരിശോധന നടത്തും. രാവിലെ 9.30ക്ക് കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വർഷങ്ങൾക്ക് മുൻപ് സമാന രീതിയിൽ കയ്പമംഗലം മൂന്നുപീടികയിൽ രണ്ട് ജ്വല്ലറികളിലും ഒരു ധനകാര്യ സ്ഥാപനത്തിലും മോഷണം നടന്നിരുന്നു. ഒരു ജ്വല്ലറിയിലെ മോഷണത്തിന് പിന്നിൽ ഉടമ തന്നെയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.