News One Thrissur

Thrissur

മഴ മുടക്കിയ നബിദിന റാലിക്ക് മസ്ജിദിൽ സ്നേഹം പകർന്ന് ആനേശ്വരം ക്ഷേത്രം ഭാരവാഹികൾ

ചെമ്മാപ്പിള്ളി: വ്യാഴാഴ്ച ചെമ്മപ്പിള്ളി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും നൂറുൽ ഹുദാ മദ്രസയും സംയുക്തമായി നടത്തിയ നബിദിന റാലി കനത്ത മഴ മൂലം ഇടയ്ക്കുവച്ച് റദ്ദാക്കി. വർഷങ്ങളായി റാലിക്ക് കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള ആനേശ്വരം മഹാദേവ ക്ഷേത്രം ക്ഷേമസമിതി ഊഷ്മളമായ സ്വീകരണം നൽകി വരാറുണ്ട്.

ഇത്തവണയും എല്ലാ തയ്യാറെടുപ്പുകളുമായി ക്ഷേമ സമിതി ഭാരവാഹികൾ ക്ഷേത്രത്തിനു മുൻപിൽ കാത്തുനിന്നു. പക്ഷേ മഴ കനത്തതോടെ മഹല്ല് ഭാരവാഹികൾ റാലി റദ്ദാക്കിയ വിവരം ഖേദപൂർവ്വം ക്ഷേത്ര ക്ഷേമസമിതിയെ അറിയിച്ചു. ക്ഷേത്രം ഭാരവാഹികളാകട്ടെ ജുമാമസ്ജിദിൽ എത്തി റാലിക്ക് സ്വീകരണം നൽകാമെന്ന് സന്തോഷപൂർവ്വം മറുപടിയും നൽകി. തുടർന്ന് ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ടി.ജി. രതീഷ്, രക്ഷാധികാരി ഇ.പി. ഹരീഷ്, ഭരണസമിതി അംഗം ഇ.പി. ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണത്തിനുള്ള ഒരുക്കങ്ങളുമായി ചെമ്മാപ്പിള്ളി ജുമാ മസ്ജിദിൽ എത്തിച്ചേർന്നു. ചെമ്മാപ്പിള്ളി ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി പ്രസിഡണ്ട് സുലൈമാൻ കുമ്മംകണ്ടത്ത്, ജനറൽ

സെക്രട്ടറി ഷാഹുൽ ഹമീദ്. ടി.എസ്., വൈസ് പ്രസിഡണ്ട് അബ്ദുൽ മജീദ്. എം.എസ്, ജോയിന്റ് സെക്രട്ടറി കെ.എം. ഷമ്മാസ്, ഖത്തീബ് അബ്ദുള്ള സഖാഫി എന്നിവർ ചേർന്ന് ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളെ സ്വീകരിച്ചു. മതങ്ങൾക്കുപരി സ്നേഹവും സഹകരണവും സമത്വവും അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു. പിന്നീട് കൊണ്ടുവന്ന മധുരപലഹാരങ്ങൾ അവർ മദ്രസയിലെ വിദ്യാർത്ഥികൾക്കും റാലിയിൽ പങ്കെടുത്ത മറ്റുള്ളവർക്കും നൽകി. പരസ്പരം ആശംസകൾ നേർന്ന ശേഷം ഇരുകൂട്ടരും അടുത്ത വർഷം കാണാം എന്ന വാക്കുകളോടെ പിരിഞ്ഞു. കെ.എസ്. രാജേഷ്, ഇ.പി. ഝാൻസി, ടി.കെ. അഖിൽ, കെ.എസ്. സിനു, സി.ഡി. ജ്യോതി എന്നിവരും ക്ഷേമ സമിതി ഭാരവാഹികൾക്കൊപ്പം ഉണ്ടായിരുന്നു.

Related posts

സ്വകാര്യബസിൽ എടത്തിരുത്തി സ്വദേശിനിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Husain P M

ചെരുപ്പ് നിർമ്മാണ ഫാക്ടറിയിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപയുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചവർ പോലീസ് പിടിയിൽ

Sudheer K

കാട്ടാനകൾ ആയിരത്തോളം വാഴകൾ നശിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!